കോവിഡ് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ കര്‍ണാടകയില്‍ അനുമതി
ലോക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് കര്‍ണാടക സര്‍കാര്‍. ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍ തുടങ്ങിയ ആരാധനാലയങ്ങള്‍ ജൂലൈ 25 മുതല്‍ തുറക്കാന്‍ അനുമതി നല്‍കി. എന്നാല്‍ ഉത്സവങ്ങള്‍, ഘോഷയാത്രകള്‍, പരിപാടികള്‍ അനുവദനീയമല്ല. അമ്യൂസ്മെന്റ് പാര്‍കുകളും സമാന സ്ഥലങ്ങളും തുറക്കാനും അനുവാദം നല്‍കി.
ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ബിബിഎംപി ചീഫ് കമീഷണര്‍, പൊലീസ് കമീഷണര്‍, ഡെപ്യൂടി കമീഷണര്‍മാര്‍, ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍, മറ്റ് വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരോട് നിര്‍ദേശിച്ചിട്ടുണ്ട്.
ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി തേടി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നതായി ദക്ഷിണ കന്നഡ ജില്ലാ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി പറഞ്ഞു. അഭ്യര്‍ഥനയുടെ അടിസ്ഥാനത്തില്‍ പൂജയും പ്രസാദത്തിന്റെ വിതരണവും നടത്താന്‍ സര്‍കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി ട്വീറ്റില്‍ പറഞ്ഞു.