അന്തര്‍ദേശീയ പുരസ്കാരം അടക്കം നേടിയ ‘ബിരിയാണി’യുടെ പ്രദര്‍ശനത്തിനു അനുമതി നിഷേധിച്ചതായി ആരോപണം
സദാചാര പ്രശ്നം ആരോപിച്ച് അന്തര്‍ദേശീയ പുരസ്കാരം അടക്കം നേടിയ ‘ബിരിയാണി’യുടെ പ്രദര്‍ശനത്തിനു അനുമതി നിഷേധിച്ചതായി ആരോപണം. സിനിമയുടെ സംവിധായകന് സജിന്‍ ബാബു പെയ്സ് ബുകിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് ആര്‍പി മാളില്‍ രണ്ട് പ്രദര്‍ശനങ്ങള്‍ ചാര്‍ട് ചെയ്തിരുന്നതായും എന്നാല്‍ അവസാന നിമിഷം സിനിമ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ലെന്ന് തിയറ്റര്‍ മാനേജ്മെന്റ് അറിയിച്ചതായും സജിന്‍ ബാബു പറയുന്നു. സദാചാര പ്രശ്നം ചൂണ്ടിക്കാട്ടിയാണ് തിയറ്റര്‍ മാനേജ്മെന്റ് തന്റെ സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചതെന്നും സജിന്‍ പറയുന്നു.
സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ:
ദേശീയ, സംസ്ഥാന, അന്തര്‍ ദേശീയ അംഗീകാരങ്ങള്‍ നേടിയ രാജ്യത്തെ സെന്‍സര്‍ ബോര്‍ഡ് ‘എ’ സര്ടിഫികറ്റോടുകൂടി ക്ലിയര്‍ ചെയ്ത ഞങ്ങളുടെ ചിത്രം ‘ബിരിയാണി’ കോഴിക്കോട് മോഹന്‍ലാല്‍ സാറിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് ആര്‍പി മാളില്‍ രണ്ട് പ്രദര്‍ശനങ്ങള്‍ ചാര്‍ട് ചെയ്യുകയും, പോസ്റ്റര്‍ ഒട്ടിക്കുകയും, കാശ് അടക്കുകയും ചെയ്തതിന് ശേഷം സിനിമ പ്രദര്‍ശിപ്പിക്കില്ല എന്ന് അറിയിച്ചിരിക്കുകയാണ്.
കാരണം അന്വേഷിച്ചപ്പോള്‍ മാനേജര്‍ പറയുന്നത് സദാചാര പ്രശ്നമാണ് (സെക്ഷ്വല്‍ സീനുകള്‍ കൂടുതലാണത്രെ). ഇതുതന്നെയാണോ യഥാര്‍ഥ കാരണം? അതോ കുരു പൊട്ടിയ മറ്റാരുടേയെങ്കിലും ഇടപെടലാണോ? ഇങ്ങനെയുള്ള ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത് എന്ന് മനസ്സിലാകുന്നില്ല.
തിയറ്ററുകള്‍ ‘എ’ സര്ടിഫികറ്റ് കിട്ടിയ പടങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല എങ്കില്‍ അത് ആദ്യമേ വ്യക്തമാക്കേണ്ടതാണ്. അല്ലാതെ സദാചാര പൊലീസ് കളിക്കുകയല്ല വേണ്ടത്. ഈ ജനാധിപത്യ രാജ്യത്ത് സൂപര്‍ സെന്‍സര്‍ ബോര്‍ഡ് ആകാന്‍ തിയറ്ററുകള്‍ക്ക് എന്താണ് അധികാരം..? ഇത് ഒരുതരത്തില്‍ സാംസ്കാരിക ഫാസിസം തന്നെയാണ്.
അതിനിടെ സംഭവം വിവാദമായതോടെ ആരോപണങ്ങള്‍ തള്ളി തിയറ്റര്‍ മാനേജര്‍ തന്നെ രംഗത്തെത്തി. ബിരിയാണി പ്രദര്‍ശിപ്പിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് തിയറ്റര്‍ മാനേജര്‍ സണ്ണി ജോസ് പറഞ്ഞു. ‘11.30 നും 4.15 നുമാണ് രണ്ട് ഷോ ഉള്ളത്. ആളുണ്ടെങ്കില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നാണ് സംവിധായകനോട് പറഞ്ഞത്. പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞിട്ടില്ല. ഒരാള്‍ പോലും 11.30 ന്റെ ഷോയ്ക്ക് എത്തിയില്ല.
ആശിര്‍വാദ് തിയറ്ററിന്റെ സൈറ്റില്‍ കയറി നോക്കി കഴിഞ്ഞാല്‍ അത് വ്യക്തമാകും. ബിരിയാണിയുടെ ആദ്യ ഷോയ്ക്ക് ഒരാള്‍ പോലും ടികെറ്റ് ബുക് ചെയ്തിട്ടില്ല. ഒരാള്‍ എങ്കിലും എത്തിയാല്‍ ഞങ്ങള്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണ്. ഇക്കാര്യം സിനിമയുടെ വിതരണക്കാരെയും അറിയിച്ചിട്ടുണ്ട്. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്,’ എന്നും തിയറ്റര്‍ മാനേജര്‍ പറഞ്ഞു.