സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം
തിരുവനന്തപുരം: സംസ്ഥാന ഭരണം ആരെ ഏല്‍പ്പിക്കണമെന്നു നിശ്ചയിക്കാന്‍ കേരള ജനത ചൊവ്വാഴ്ച വിധിയെഴുതും. നിശബ്ദ പ്രചാരണ ദിനമായ ഇന്നു വീടുകള്‍ കയറിയുള്ള പ്രചാരണത്തിനാണു മൂന്നു മുന്നണികളും മുന്‍തൂക്കം നല്‍കുന്നത്.
പ്രകടന പത്രികയിലെ വീട്ടമ്മമാര്‍ക്കുള്ള ന്യായ് പദ്ധതി അടക്കമുള്ളവ വിവരിച്ചാണ് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും വീടു കയറി വോട്ട് ഉറപ്പാക്കുന്നത്.
സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും എല്‍ഡിഎഫ് പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളും ഭക്ഷ്യധാന്യ കിറ്റുമൊക്കെയാണ് അവസാന ദിനത്തിലും എല്‍ഡിഎഫ് പ്രചാരണ ആയുധമാക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്- സിപിഎം ബന്ധവുമൊക്കെയാകും ബിജെപിയുടെ പ്രചാരണ വിഷയം.
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ 957 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഒരു മാസത്തോളം നീണ്ട പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിച്ചു.