സില്‍വര്‍ ലൈന്‍ പ്രൊജക്ട് വന്‍ പരിസ്ഥിതി ദുരന്തമുണ്ടാക്കും: ഗാഡ്ഗില്‍
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പ്രൊജക്ട് കേരളത്തില്‍ നടപ്പിലാക്കിയാല്‍ വന്‍ പരിസ്ഥിതി ദുരന്തം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍. കേരള സുസ്ഥിര വികസന സമിതി സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന പദ്ധതികളുടെ പേരിലുള്ള അനധികൃത ഖനനമാണു കൂട്ടിക്കലില്‍ ഉണ്ടായ പോലുള്ള ഉരുള്‍പൊട്ടലിന് ഇടയാക്കുന്നത്.
തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍ക്കു നല്‍കാന്‍ പോലും പണമില്ലാത്ത രാജ്യത്ത് പരിസ്ഥിതി നശിപ്പിച്ചു കൊണ്ടുള്ള ദേശീയപാതകളും റെയില്‍ പാളങ്ങളും നിര്‍മ്മിക്കാന്‍ ഏറെ പണമുണ്ടെന്നും ഗാഡ്ഗില്‍ പറഞ്ഞു. ഇതൊന്നും കേള്‍ക്കാതെയാണ് കേരളത്തിന്റെ മുമ്പോട്ട് പോക്ക്. പ്രതിപക്ഷത്തിന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും എതിര്‍പ്പും പ്രാദേശിക പ്രതിഷേധങ്ങളും അവഗണിച്ചാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും എതിര്‍ത്ത പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
അതിവേഗ റയിലില്‍ സാമൂഹികാഘാത പഠനവുമായി കുതിക്കാനാണ് പിണറായിയുടെ തീരുമാനം. ഭൂമി ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍, ആഘാതം ലഘൂകരിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നിവയാണു സാമൂഹികാഘാത പഠനത്തില്‍ ഉള്‍പ്പെടുന്നത്. പാത കടന്നുപോകുന്ന 11 ജില്ലകളില്‍ സാമൂഹികാഘാത പഠനത്തിന് ഏജന്‍സികള്‍ക്കായി കലക്ടര്‍മാര്‍ ടെന്‍ഡര്‍ വിളിച്ചു.
ഒരു മാസത്തിനകം ഏജന്‍സികളെ നിശ്ചയിച്ചു റവന്യു വകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും. 3 മാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദ്ദേശം. പാത കടന്നുപോകുന്ന മേഖലകളില്‍ സാമൂഹികാഘാത പഠനത്തിനു മുന്നോടിയായി അതിര് രേഖപ്പെടുത്താന്‍ കല്ലിടല്‍ തുടങ്ങി.