Latest News

ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജ; കല്‍പനയ്ക്കും സുനിതയ്ക്കും ശേഷം സിരിഷ

ഹൂസ്റ്റണ്‍: ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയായി എയ്റോനോട്ടിക്കല്‍ എഞ്ചിനീയര്‍ സിരിഷ ബാന്‍ഡ്ല. കല്‍പനയ്ക്കും, സുനിതയ്ക്കും ശേഷം ഇപ്പോള്‍ ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയാണ് സിരിഷ. ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ സംഘത്തിലെ അംഗമായിരുന്നു സിരിഷ. ഞായറാഴ്ച ബഹിരാകാശം തൊട്ട് ഭൂമിയില്‍ തിരിച്ചെത്തി.

ഇന്ത്യന്‍സമയം ഞായറാഴ്ച രാത്രി എട്ടുമണിക്ക് യു.എസിലെ ന്യൂമെക്സിക്കോയില്‍ നിന്ന് വെര്‍ജിന്‍ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തിലാണ് സംഘം പുറപ്പെട്ടത്. കാറ്റിനെത്തുടര്‍ന്ന് നേരത്തേ നിശ്ചയിച്ചതില്‍നിന്ന് 90 മിനിറ്റ് വൈകിയായിരുന്നു യാത്ര. 8.55ന് പേടകം വാഹിനിയില്‍ നിന്ന് വേര്‍പെട്ടു. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മിനിറ്റുകള്‍ക്കുള്ളലായിരുന്നു മടക്കം. 9.09-ന് തിരിച്ച് ഭൂമി തൊട്ടു. യൂണിറ്റി 22 എന്ന് പേരിട്ട പരീക്ഷണപ്പറക്കലായിരുന്നു ഇത്. 2.8 ലക്ഷം അടി ഉയരത്തില്‍ നിന്നാണ് ഭൂമിയിലേക്ക് തിരിച്ചത്.

വിങ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മ മാത്രമാണ് ബഹിരാകാശത്ത് എത്തിയ ഏക ഇന്ത്യന്‍ പൗരന്‍. 1984-ല്‍ സോവിയറ്റ് ഇന്റര്‍കോസ്മോസ് പദ്ധതിയുടെ ഭാഗമായി സോയൂസ് ടി-11-ലാണ് രാകേഷ് ശര്‍മ ബഹിരാകാശം തൊട്ടത്. 34-കാരിയായ ബാന്‍ഡ്ല ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് ജനിച്ചത്. യുഎസിലെ ഹൂസ്റ്റണിലാണ് വളര്‍ന്നത്. റിസര്‍ച്ച് എക്സ്പീരിയന്‍സ് ആയിട്ടാണ് സിരിഷ ബഹിരാകാശ സംഘത്തിലുണ്ടായിരുന്നത്. സിരിഷ ബാന്‍ഡ്ല തന്റെ നാലാം വയസിലാണ് യുഎസിലെത്തിയത്. 2011-ല്‍ പാര്‍ഡ്യൂ സര്‍വകലാശാലയിലെ എയ്റോനോട്ടിക് ആന്‍ഡ് ആസ്ട്രോനോട്ടിക്സില്‍ നിന്ന് സയന്‍സ് ബിരുദം നേടി. തുടര്‍ന്ന് 2015-ല്‍ ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

നാസയില്‍ ബഹിരകാശ യാത്രികയാകാന്‍ ബാന്‍ഡ്ല ആഗ്രഹിച്ചിരുന്നെങ്കിലും കാഴ്ചശക്തി കുറവ് കാരണം തുടര്‍ന്ന് പൈലറ്റാകാനും ബഹിരാകാശ യാത്രികയാകാനുമുള്ള ആഗ്രഹം നിറവേറ്റാനായില്ല. പാര്‍ഡ്യൂ സര്‍വകലാശാലയില്‍ ആയിരിക്കുമ്പോഴാണ് ഒരു പ്രൊഫസര്‍ വാണിജ്യ ബഹിരാകാശ വിമാന മേഖലയിലെ അവസരങ്ങളെ കുറിച്ച് പറയുന്നത്. തുടര്‍ന്നാണ് റിച്ചാര്‍ഡ് ബ്രാന്‍സണിനൊപ്പം ചേര്‍ന്ന് ഈ നേട്ടം കൈവരിച്ചത്. ഇതോടെ കല്‍പന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യന്‍ വംശജയായി മാറി സിരിഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button