Kerala NewsLatest News

നാളെ വീട്ടില്‍ വരും, പിന്നെ കാണുന്നത് മുങ്ങി മരിച്ച നിലയില്‍;കന്യാസ്ത്രീയുടേത് കൊലപാതകമോ?

കാക്കനാട്: കന്യാസ്ത്രീയെ മഠത്തിന് സമീപമുള്ള പാറമടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തു പൊലീസ്. വാഴക്കാല മൂലേപ്പാടം സെന്റ് തോമസ് കോണ്‍വന്റിലെ സിസ്റ്റര്‍ ജെസീനയെ (45)യാണ് പാറമടയില്‍ മുങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. കോണ്‍വെന്റ് വളപ്പിനോടു ചേര്‍ന്നുള്ള മൂലേപ്പാടം ക്വാറിയില്‍ ഇന്നലെ വൈകിട്ട് ആറിനാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ തലവേദനയാണെന്നു പറഞ്ഞു സിസ്റ്റര്‍ ജെസീന പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കു പോയിരുന്നില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഉച്ചഭക്ഷണത്തിനു ശേഷമാണ് കന്യാസ്ത്രീയെ കാണാതായത്. ഇതോടെയാണ് ഇടവക വികാരിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയത്.

ഒടുവില്‍ പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുന്നതിനിടെയാണ് പാറമടയില്‍ മൃതദേഹം കണ്ടെത്തിയത്. പായല്‍ നിറഞ്ഞ പാറമടയില്‍ പൂര്‍ണമായും മുങ്ങിയിട്ടില്ലാത്ത നിലയിലായിരുന്നു മൃതദേഹം. ശിരോവസ്ത്രം കുടുങ്ങിയ നിലയിലായിരുന്നു കാണപ്പെട്ടത്. 2012 മുതല്‍ കാക്കനാട്ടെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണെന്നു പൊലീസും കോണ്‍വെന്റ് അധികൃതരും പറഞ്ഞു. കഴിഞ്ഞ 11 വര്‍ഷമായി ഇവര്‍ മാനസികരോഗത്തിന് ചികിത്സ തേടിവരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം മാനസികപ്രശ്നമുള്ള കാര്യം തങ്ങള്‍ക്ക് അറിയില്ലെന്ന് സ്ഥലത്തെത്തിയ ബന്ധുക്കള്‍ വ്യക്തമാക്കി. ശനിയാഴ്ച വീട്ടിലേക്ക് വിളിച്ചപ്പോള്‍പ്പോലും യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും, ജെസീനയെ കാണാതായ വിവരം അധികൃതര്‍ തങ്ങളെ അറിയിച്ചത് പള്ളിയില്‍ പോയിട്ട് തിരികെ എത്തിയിട്ടില്ലെന്നുമാണെന്ന് ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച വൈകിട്ടു സിസ്റ്റര്‍ ജെസീന വീട്ടിലേക്കു വിളിച്ചിരുന്നതായി പിതാവ് തോമസ് പറഞ്ഞു.

ഇടുക്കി കീരിത്തോട് കുരിശുമൂട്ടില്‍ തോമസിന്റെയും മോണിക്കയുടെയും മകളാണ് ജെസീന. നാളെ വീട്ടിലേക്കു വരുമെന്ന് അറിയിച്ചിരുന്നതായും പിതാവ് തോമസ് പറഞ്ഞു. അതേസമയം ജെസീനയുടെ ചികിത്സാ രേഖകള്‍ പൊലീസ് പരിശോധിച്ചു. കോണ്‍വെന്റില്‍ ജെസീന താമസിച്ചിരുന്ന മുറി പൊലീസ് മുദ്രവച്ചു. പി.ടി.തോമസ് എംഎല്‍എ, നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കളമശേരിയിലെ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button