പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം പങ്കുവച്ച സംഭവം; രാഹുല്‍ ഗാന്ധിക്കെതിരെ കേസ് എടുത്തു
ഡല്‍ഹി: പുരാനി നങ്കലില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം നവമാധ്യമങ്ങളില്‍ പങ്കുവച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് എടുത്തു.ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ നല്‍കിയ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. പരാതിയില്‍ പോക്സോ നിയമത്തിലെ വകുപ്പ് 23 പ്രകാരവും ശിശുസംരക്ഷണ നിയമത്തിലെ 74-ാം വകുപ്പ്, ഐപിസി 228 എ വകുപ്പുകള്‍ പ്രകാരവും കുറ്റകരമായ കാര്യമാണ് രാഹുല്‍ ചെയ്തതെന്ന് വ്യക്തമാക്കുന്നു.
ഇത് സംബന്ധിച്ച് ബാലാവകാശ കമ്മീഷന്‍ ട്വിറ്ററിന് നോട്ടീസയച്ചിട്ടുണ്ട്. രാഹുല്‍ ട്വീറ്റ് ചെയ്ത ചിത്രം പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കാരണമാകുമെന്നും അത് നീക്കം ചെയ്യണമെന്നും ബാലാവകാശ കമ്മീഷന്റെ നോട്ടീസില്‍ വ്യക്തമാക്കുന്നു. അക്കൌണ്ടിനെതിരെ നടപടിയെടുക്കണമെന്നും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരമാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുരാനി നംഗലില്‍ നടന്നത്.