ഗണേഷ് കുമാറിനെ പൂട്ടാന്‍ സഹോദരി ഉഷ രംഗത്ത്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാറിനെ പൂട്ടാന്‍ സഹോദരി സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ഗണേഷ് കുമാറുമായി ഇടഞ്ഞുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് (ബി) നേതാക്കളാണ് ഉഷയുടെ രംഗപ്രവേശനത്തിനു പിന്നിലെന്നാണ് കരുതുന്നത്. ബാലകൃഷ്ണ പിള്ളയുടെ മരണത്തോടെ കുടുംബത്തിനുള്ളിലെ അസ്വാരസ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നിരുന്നു.
എന്നാല്‍ ബാലകൃഷ്ണപിള്ളയുടെ വിശ്വസ്തനും ബന്ധുവുമായ ശരണ്യ മനോജ് ഇടപെട്ട് കുടുംബകാര്യങ്ങളില്‍ ബാഹ്യഇടപെടലുകള്‍ താത്കാലികമായി ഇല്ലാതാക്കി. മുമ്പ് ബാലകൃഷ്ണപിള്ളയുമായി യോജിച്ചുനിന്ന ചിലര്‍ ചേര്‍ന്ന് ഓള്‍ഡ് കേരള കോണ്‍ഗ്രസ് എന്നൊരു ഗ്രൂപ്പ് ആരംഭിച്ചു. ഈ ഗ്രൂപ്പിലെ മെമ്പര്‍മാരാണ് ഉഷ മോഹന്‍ദാസിനെ സജീവ രാഷ്ട്രീയത്തിലേക്ക് നിര്‍ബന്ധിച്ചിറക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ആര്‍. ബാലകൃഷ്ണപിള്ള രൂപം നല്‍കിയ കേരളാ കോണ്‍ഗ്രസിനെ ഗണേഷ്‌കുമാര്‍ തകര്‍ത്തെന്നാണ് ഈ ഗ്രൂപ്പിലെ മെമ്പര്‍മാര്‍ ആരോപിക്കുന്നത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ആര്‍. ബാലകൃഷ്ണപിള്ള ജയിലിലായിരുന്നപ്പോള്‍ കൊട്ടാരക്കരയില്‍നിന്ന് ഉഷ മോഹന്‍ദാസിനെ മത്സരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. അന്ന് ഗണേഷും കൂട്ടരുമാണ് അതിന് പാരവച്ചത്.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭാ രൂപീകരണ സമയത്ത് ഗണേഷ്‌കുമാറിനെതിരേ പരാതിയുമായി ഉഷ രംഗത്തുവന്നിരുന്നു. പിതാവിന്റെ സ്വത്ത് ഗണേഷ്‌കുമാര്‍ മറ്റാര്‍ക്കും നല്‍കാതെ തട്ടിയെടുത്തെന്ന പരാതിയുമായാണ് ഉഷ രംഗത്തെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനേയും പരാതിയുമായി ഉഷയും ഭര്‍ത്താവ് മോഹന്‍ദാസും സമീപിച്ചിരുന്നു. ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനും മുന്‍ കേന്ദ്രഷിപ്പിംഗ് സെക്രട്ടറിയുമാണ് മോഹന്‍ദാസ്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യ ടേമില്‍ ഗണേഷ്‌കുമാറിനെ മന്ത്രിസഭയിലേക്ക് പരിഗണിക്കാതിരുന്നത്. മോഹന്‍ദാസുമായി നല്ല ബന്ധമാണ് സിപിഎം സംസ്ഥാന നേതൃത്വത്തിനുള്ളത്.