ശിവഗംഗ കസ്റ്റഡി മരണം; അജിത് കുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി
തമിഴ്നാട്ടിലെ ശിവഗംഗയില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കെ. അജിത് കുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഇതിന് മുന്‍പ് സംസ്ഥാന സർക്കാർ കുടുംബത്തിന് 5 ലക്ഷം രൂപ നല്‍കിയിരുന്നു.
അജിത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേഗത്തിൽ പൂര്‍ത്തിയാക്കണമെന്നും, ആവശ്യമുണ്ടെങ്കില്‍ സാക്ഷിക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നും കോടതി നിർദേശിച്ചു.
ജുഡീഷ്യല്‍ അന്വേഷണത്തില്‍ അജിത് കുമാര്‍ പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് വ്യക്തമായിരുന്നു. സംഭവത്തിന് പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ ഭൂമി നല്‍കുകയും സഹോദരന്‍ സര്‍ക്കാര്‍ ജോലി ലഭ്യമാക്കുകയും ചെയ്തിരുന്നു.
പൊലീസ് കസ്റ്റഡിയിലിരിക്കെ അജിത്തിന്റെ ആരോഗ്യം വഷളാകുകയും ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചെന്നായിരുന്നു പൊലീസിന്റെ ഔദ്യോഗിക വിശദീകരണം. എന്നാൽ, അജിത്തിന്റെ കുടുംബം കസ്റ്റഡിമരണമാണെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധമുയർത്തി. തുടർന്ന് അന്വേഷണത്തിനിടെ പൊലീസുകാരായ പ്രഭു, ആനന്ദൻ, കണ്ണൻ, ശങ്കരമണികണ്ഠൻ, രാജ് എന്നിവരെ സര്‍വീസില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സ്വർണാഭരണമോഷണക്കേസിൽ അറസ്റ്റിലായ അജിത് കുമാർ ജൂൺ 27നാണ് പൊലീസ് കസ്റ്റഡിയിലിരുന്ന് മരിച്ചത്. ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരനായിരുന്ന അജിത്ത് കുമാർ, ജോലി ചെയ്തിരുന്ന ക്ഷേത്രത്തിൽ, എത്തിയ നികിതയും അമ്മ ശിവഗാമിയും കാറിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണാഭരണങ്ങളും പണവും മോഷണം പോയതിനെ തുടർന്നാണ് പോലീസ് അജിത്ത് കുമാറിനെതിരെ കേസെടുത്തത്. അജിത്ത് കുമാറിനു പുറമേ ഇതുമായി ബന്ധപ്പെട്ട് സഹോദരൻ നവീൻകുമാർ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അജിത്ത് കുമാർ കസ്റ്റഡിയിൽ മോഷണത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കിയിട്ടും, പൊലീസ് വാനിൽ വെച്ചും സ്റ്റേഷനിലെത്തുന്നതിനുമുമ്പും ക്രൂരമായി മർദിച്ചതാണെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ ആരോപണങ്ങൾക്ക് തിരിച്ചടിയായി അജിത്തിനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് കൂടുതൽ പ്രതിഷേധത്തിനും ശക്തമായ അന്വേഷണം ആവശ്യപ്പെടുന്നതിനും വഴിയൊരുക്കി.
വീഡിയോയിൽ നിലത്ത് ഇരിക്കുന്ന അജിത്തിനെ യൂണിഫോം ധരിക്കാത്ത പൊലീസുകാർ പൈപ്പുകളും മുളവടികളും ഉപയോഗിച്ച് മർദിക്കുന്നതും വ്യക്തമാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം അജിത്തിന്റെ ശരീരത്തിൽ 18 ഇടങ്ങളിൽ പരിക്കുകളും 30 ലധികം ചതവുകളുമുണ്ടായിരുന്നെന്നും, മർദനത്തെ തുടർന്ന് ഉണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നുമാണ് കണ്ടെത്തിയത്.
Tag: Sivaganga custodial death; Madras High Court orders Rs 25 lakh compensation to Ajith Kumar’s family