കയ്യാങ്കളി കേസ്; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം.
തിരുവനന്തപുരം: സുപ്രീംകോടതി വിധിയെ കേരള മുഖ്യമന്ത്രി അവഹേളിക്കുകയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത്. കയ്യാങ്കളി കേസില്‍ സുപ്രീംകോടതിയുടെ വിധി അംഗീകരിക്കുന്നുണ്ടെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുമ്പോഴും വിദ്യാഭ്യാസമന്ത്രി രാജിവയ്‌ക്കേണ്ടന്ന് മുഖ്യമന്ത്രി പറയുന്നത് സുപ്രീംകോടതിയെ അവഹേളിക്കുന്ന നിലാപാടാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുന്നത്.
കയ്യാങ്കളി കേസില്‍ വിചാരണ നേരിടേണ്ട പ്രതി പട്ടികയിലുള്ളവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടിസില്‍ മുഖ്യമന്ത്രി സുപ്രീംകോടതിയെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോടതി വിചാരണയ്ക്ക് വിധിക്കുന്ന ആദ്യ കേസല്ല ഇതെന്നും എന്നാല്‍ ചരിത്രത്തില്‍ കോടതിയുടെ വിധിയെ മാനിച്ച് കെ. കരുണാകരനും കെ.എം. മാണിയും ഉള്‍പ്പെടെയുള്ളവര്‍ വിചാരണയ്ക്ക് മുന്‍പ് മന്ത്രി സ്ഥാനം ഉപേക്ഷിച്ചവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിന്നെന്തുകൊണ്ടാണ് മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപെടാത്തതെന്ന് വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു.