സ്വപ്നയുടെ ഫ്ലാറ്റിൽ പോയത് മാനസികസമ്മര്‍ദം കുറക്കാനെന്ന് ശിവശങ്കര്‍.

ജോലിയുടെ ഭാഗമായുള്ള മാനസികസമ്മര്‍ദം കുറയ്ക്കാനാണ് താൻസ്വപ്നയുടെ ഫ്ലാറ്റിൽ പോയിരുന്നതെന്നും, അവിടെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നുവെന്നും, സ്വര്‍ണക്കടത്ത് കേസിലെ ചോദ്യം ചെയ്യലിനിടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ ഐ എയോട് പറഞ്ഞു. മദ്യപാനം അടക്കമുള്ള ശീലങ്ങള്‍ പ്രതികള്‍ മുതലെടുക്കുകയായിരുന്നു. ഉന്നതരുമായി ബന്ധമുണ്ടാക്കാനുള്ള ശ്രമമാണ് അവർ നടത്തിയത്. ജോലി കഴിഞ്ഞു പലപ്പോഴും അര്‍ദ്ധരാത്രിയോടെയാണ് ഓഫീസില്‍ നിന്ന് ഇറങ്ങിയിരുന്നതെന്നും ഇക്കാരണത്താലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്ലാറ്റ് എടുത്തതെന്നും ശിവശങ്കര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
സ്വപ്നയുടെ ഫ്ലാറ്റില്‍ സന്ദര്‍ശനം നടത്തുമ്പോൾ സ്വപ്നയുടെ ഭര്‍ത്താവും കുട്ടികളും അടുപ്പമുള്ളവരും ഉണ്ടായിരുന്നു. സ്വര്‍ണക്കടത്തുകാരുമായി ബന്ധമുള്ളവരാണെന്ന് മനസിലാക്കാന്‍ കഴിയാതെ പോയത് വീഴ്ചയാണെന്നും നിയമവിരുദ്ധമായ മറ്റൊരു പ്രവൃത്തിക്കും കൂട്ടുനിന്നിട്ടില്ലെന്നും ശിവശങ്കര്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന് എന്‍.ഐ.എ ക്ലീന്‍ ചിറ്റ് നല്‍കില്ല. സെക്രെട്ടറിയേറ്റിലെ സി സി ടി വി ദൃശ്യങ്ങളുടെ പരിശോധനക്ക് ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.