ഇന്നലെ വരെ പ്രിയപ്പെട്ടവൻ, ഇന്ന് ഉപ്പു തിന്നവൻ ശിവശങ്കർ.

ഇന്നലെ വരെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ എന്‍ഫോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കസ്റ്റഡിയിലെടു ത്തതിനെ പറ്റി ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെയെന്നു മന്ത്രി എ കെ ബാലന്റെ പ്രതികരണം. സമ്മതിക്കണം മന്ത്രി ബാലനു, ഇങ്ങനെ ഒക്കെ പഴയ ബന്ധങ്ങളൊക്കെ മറന്നു തള്ളിപ്പറയാൻ ഒരു പ്രത്യേക കഴിവ് തന്നെ വേണം. മുഖ്യ മന്ത്രിയുടെ വിശ്വസ്തനായിരുന്ന എം ശിവശങ്കറിനോട് ഏറെ അടുപ്പം ഉണ്ടായിരുന്ന മന്ത്രി എ കെ ബാലനു ഇങ്ങനെയും തള്ളിപ്പറയാനാവും. കുറച്ചു നാൾ മുൻപ് വരെ എം ശിവശങ്കർ എല്ലാ മന്ത്രിമാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. ശിവശങ്കരൻ പറയുന്നപോലെ മാത്രമേ ഏതു മന്ത്രിയുടെ ഓഫീസിലും ഫയലുകൾ ചലിക്കൂ. ചില മന്ത്രിമാർക്ക് എം ശിവശങ്കറിനെ ഒരല്പം ഭയവും ഉണ്ടായിരുന്നു. മുഖ്യന്റെ വിശ്വസ്തൻ തങ്ങൾക്ക് വല്ല പണിയും തരുമോ എന്ന് പോലും ഭയപ്പെട്ടിരുന്നവരാണ് ചിലർ. കാലം പോയ പോക്കിൽ എല്ലാം എത്രപെട്ടെന്നാണ് തലകീഴ് മറിഞ്ഞത്. എല്ലാം രഹസ്യമായി കൈകാര്യം ചെയ്തിരുന്ന ശിവശങ്കറിനെ ആദ്യം തള്ളിപ്പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്.
ഇപ്പോഴിതാ മന്ത്രി എ കെ ബാലൻ അടക്കം ശിവശങ്കറിനെ തള്ളിപ്പറയാൻ തുടങ്ങിയിരിക്കുന്നു. ശിവശങ്കറിനെതിരെ ഉണ്ടാകുന്ന നടപടികൾ ഗവൺമെന്റിനെ ബാധിക്കില്ല എന്ന് പറയാനായിരുന്നു ബാലന്റെ പ്രതികരണം. ഇത് സർക്കാരിനുള്ള തിരിച്ചടിയല്ല എന്നും സർക്കാർ വിശ്വാസപൂർവം പ്രവർത്തിക്കുന്നു എന്നുള്ളതിന്റെ ശക്തമായ തെളിവാണ് ഇതെന്നും ആണ് ബാലൻ പറഞ്ഞത്. കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന കാര്യങ്ങളിൽ തീരുമാനം കോടതി എടുക്കണം. ശിവശങ്കറിന്റെ കാര്യം മുൻപ് കണ്ടെത്താൻ കഴിയാത്തതു എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനു ജോപ്പനെയും ഫിറോസിനെയും എന്തുകൊണ്ടാണ് ഉമ്മൻ ചാണ്ടിക്ക് മനസിലാകാത്തത് എന്ന മുട്ടാപ്പോക്ക് മറുചോദ്യമാണ് പത്രലേഖകനോട് ബാലൻ തിരിച്ചു ചോദിച്ചത്. ആദ്യമേ ചൂഴ്ന്നു നോക്കിയാൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിയാൻ സാധിക്കില്ല, എന്നും എല്ലാ സർക്കാരിന് കീഴിലും ഇങ്ങനെ ഉള്ള ജീവനക്കാർ ഉണ്ടാകുമെന്നും, പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് തിരിച്ചറിയാൻ കഴിയുന്നതെന്നും, നാളും ജനന സമയവും നോക്കി അത് നിശ്ചയിക്കാൻ ഒരു ഗവൺമെന്റിനും സാധിക്കില്ല എന്നും എ കെ ബാലൻ പറയുകയുണ്ടായി.
അതേസമയം, മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരിക്കുന്നത്. തട്ടിപ്പുകളുടെ പ്രഭവകേന്ദ്രമാണ് മുഖ്യമന്ത്രിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമത്രിയാണ് ഒന്നാം പ്രതിയെന്നും, ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്നും ചെന്നിത്തല പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തയിരുന്നു.മുൻകൂർ ജാമ്യ ഹർജി തള്ളികൊണ്ടുള്ള വിധി വന്നു മിനിറ്റുകൾക്കുള്ളിൽ ശിവശങ്കറിനെ ആശുപത്രിയിലെത്തി ഇ ഡി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.