കൊവിഡ് കാലത്ത് മൂന്നു ആഴ്ചക്കുള്ളിൽ മാത്രം കേരളത്തിലേക്ക് ആറ് കോടി രൂപയുടെ സ്വർണ്ണം കടത്തി.

കേരള സർക്കാരിനെ പോലും പിടിച്ചു കുലുക്കി സ്വർണ്ണ കള്ളക്കടത്ത് വിവാദം സംസ്ഥാനത്ത് കൊടുമ്പിരികൊള്ളുമ്പോൾ, കൊവിഡ് കാലത്ത്കഴിഞ്ഞ മൂന്നു ആഴ്ചക്കുള്ളിൽ മാത്രം കേരളത്തിലേക്ക് ആറ് കോടി രൂപയുടെ സ്വർണമാണ് കടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കർ ഐഎഎസിന്‍റെ കസേര വരെ തെറിപ്പിച്ച സ്വപ്ന സുരേഷ് വഴി കേരളത്തിൽ എത്തിയത് 30 കിലോയോളം സ്വര്‍ണം ആണ്. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്‍റെ പേരിൽ വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്ന് ഞായറാഴ്ചയാണ് കസ്റ്റംസ് 30 കിലോയോളം സ്വര്‍ണം കണ്ടെത്തുന്നത്. കൊവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്താൻ പ്രവാസികൾക്കേർപ്പെടുത്തിയ വിമാനങ്ങളിലൂടെ കോടിക്കണക്കിന് രൂപയുടെ സ്വർണം കടത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.മൂന്നു ആഴ്ചക്കിടെ 25 കേസുകളാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിലൂടെ 6 കോടിയുടെ സ്വർണമാണ്
കേരളത്തിലേക്ക് കടത്തിയത്.
കൊവിഡ് കാലത്ത് കരിപ്പൂര്‍ വിമാനത്താവളത്തിലാണ് ഏറ്റവുമധികം സ്വർണക്കടത്ത് പിടിച്ചത്. അഞ്ച് കോടിയോളം രൂപയുടെ സ്വർണമാണ് കഴിഞ്ഞ 20 ദിവസത്തിനിടെ ഇവിടെ നിന്ന് മാത്രം കസ്റ്റംസ് പിടികൂടിയത്. ജൂൺ 22 മുതൽ ജൂലൈ 7 വരെ എട്ട് കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂൺ 22ന് 2203 ഗ്രാം 1.01 കോടി രൂപ, 23ന് 736 ഗ്രാം 33.12 ലക്ഷം രൂപ, 29ന് 440 ഗ്രാം 19.97 ലക്ഷം രൂപ, ജൂലൈ 3ന് 2200 ഗ്രാം 1.02 കോടി രൂപ, ന3ലിന് 300 ഗ്രം 13.62 ലക്ഷം രൂപ, അഞ്ചാം തീയതി 170 ഗ്രാം 7.74 ലക്ഷം രൂപ, ആറാം തീയതി 3667 ഗ്രാം 1.68 കോടി രൂപ, ഏഴിന് 797 ഗ്രാം 36.66 ലക്ഷം എന്നിങ്ങനെയാണ് കരിപ്പൂരിൽ പിടിച്ച സ്വർണമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കണ്ണൂർ വിമാനത്താവളം വഴി 74 ലക്ഷത്തിന്‍റെ സ്വർണ്ണമാണ് കഴിഞ്ഞമാസം 20 മുതലുള്ള കാലയളവിൽ പിടികൂടിയത്. മൂന്ന് കേസുകളാണ് ഇവിടെ ഈ കാലയളവിൽ രജിസ്റ്റർ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജൂൺ 20ന് 432 ഗ്രാം 20 ലക്ഷം രൂപ, 26ന് 112 ഗ്രാം ആറ് ലക്ഷം രൂപ, 30ന് 990 ഗ്രാം 48 ലക്ഷം രൂപ എന്നിങ്ങനെയാണ് കണ്ണൂരിലെ കേസുകളുടെ വിശദാംശങ്ങൾ. ഈ കാലയളവിൽ ഏറ്റവും കുറവ് സ്വർണക്കടത്ത് കേസുകൾ റിപ്പോർട്ട് ചെയ്തത് കൊച്ചിയിലാണ്. 11.04 ലക്ഷം രൂപ വിലമതിക്കുന്ന 240 ഗ്രാം സ്വർണം മാത്രമേ ഇവിടെ കസ്റ്റംസ് കണ്ടെടുത്തിട്ടുള്ളു. തിരുവനന്തപുരം വിമാനത്താവളത്തിൽ ജൂൺ 17ന് 12 ലക്ഷം രൂപ വിലമതിക്കുന്ന 287 ഗ്രാം സ്വർണ്ണവും പിടികൂടി.
കൊവിഡ് കാലത്ത് അന്താരാഷ്ട്ര വിമാന സർവീസുകളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. വന്ദേഭാരത് മിഷന്‍റെ ഭാഗമായ വിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളും മാത്രമാണ് പുറത്ത് നിന്ന് വരുന്നത്. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താനാണ് സ്വർണക്കടത്ത് മാഫിയകൾ ശ്രമിച്ചത്.
വിമാനത്താവളത്തിലെ പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ നൂതന മാർഗങ്ങൾ കള്ളക്കടത്ത് മാഫിയകൾ കണ്ടെത്തുന്നു എന്നതാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഡിപ്ലോമാറ്റിക് ബാഗുകളിൽ പോലും കോടികളുടെ സ്വർണ്ണം കടത്തിക്കൊണ്ടു വരുന്നു എന്നതാണ് ഞെട്ടിക്കുന്നത്. സ്വർണ്ണം, മിശ്രിത രൂപത്തിലാക്കിയുള്ള സ്വർണക്കടത്തും സജീവമാണ്. മെറ്റല്‍ ഡിറ്റക്ടറില്‍ മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണ്ണം കണ്ടെത്താനാവില്ല എന്നതിനാൽ അടി വസ്ത്രങ്ങളിൽ അറകൾ ഉണ്ടാക്കിയും, മനുഷ്യന്റെ രഹസ്യ ഭാഗങ്ങളിൽ സൂക്ഷിച്ചും, സ്ത്രീകളും, പുരുഷന്മാരും സ്വർണം ഒളിപ്പിച്ച് കടത്തുന്നത് പതിവായിരിക്കുകയാണ്. തിരുവനന്തപുരത്ത് ആണ് കേരള സർക്കാരിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച സ്വർണക്കടത്ത് കേസ് നടക്കുന്നത്. സ്വപ്നയുടെ ഐ ടി സെക്രട്ടറിയും, മുഖ്യന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിട്ടുള്ള ബന്ധമാണ് പിണറായി സർക്കാരിനെ കുടുക്കിയിരിക്കുന്നത്.
