പശുകടത്ത് ആരോപിച്ച് കർണാടകയിൽ യുവാക്കൾക്ക് മർദനം: ആറുപേർ അറസ്റ്റിൽ

ബെൽത്തങ്ങാടി: പശുക്കളെ കടത്തുന്നുവെന്ന് ആരോപിച്ച് രണ്ട് യുവാക്കൾക്ക് മർദനം. കർണാടകയിലെ ബെൽത്തങ്ങാടിയിലെ മേലന്തബേട്ടിലാണ് ആൾക്കൂട്ടം യുവാക്കളെ ആക്രമിച്ചത്. ബെൽത്തങ്ങാടി കുപ്പെട്ടി സ്വദേശികളായ അബ്ദുർ റഹ്മാനും മുഹമ്മദ് മുസ്തഫയെയുമാണ് ആൾക്കൂട്ടം ആക്രമിച്ചത്. ഇവരെ മംഗലാപുരത്തെ സർകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമി സംഘത്തിലുണ്ടായിരുന്ന ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സബു, രാജേഷ് ഭട്ട്, ഗുരുപ്രസാദ്, ലോകേഷ്, ചിതാനന്ദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗാരേജിൽ നന്നാക്കാൻ നൽകിയ പികപ് ട്രെകുമായി വ്യാഴാഴ്ച വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു ആക്രമണമുണ്ടായത്.രാത്രി പത്ത് മണിയോടെ ഇരുവരും മേലന്തബേട്ടിലെ ഗ്രാമപഞ്ചായത്ത് ഓഫീസിന് അടുത്തെത്തുകയും ഇവിടെ വച്ച് ബൈകിലെത്തിയ രണ്ടുപേർ ഇവരെ വഴി തടയുകയായിരുന്നു.
ഉടൻ തന്നെ ഇവിടേക്ക് കൂടുതൽ ആളുകൾ എത്തുകയും ട്രെകിൽ നിന്ന് യുവാക്കളെ താഴെയിറക്കിയ ശേഷം ചെരിപ്പുകൊണ്ടും വടി കൊണ്ടും ആക്രമിക്കുകയായിരുന്നു. യുവാക്കൾ വന്ന ട്രെകും അക്രമികൾ നശിപ്പിച്ചു. ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ യുവാക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണ്.