Kerala NewsLatest NewsNews

ഇന്‍സൈറ്റ് മീഡിയ സിറ്റിയില്‍ ഇതികര്‍ത്തവ്യതാമൂഢനായി എസ്‌കെ

കൊച്ചി: തുടരെത്തുടരെ ഉയരുന്ന വിവാദങ്ങളില്‍ ശാസനയേറ്റുവാങ്ങി ശ്രീകണ്ഠന്‍ നായര്‍. റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിനാണ് പ്രമുഖ ഓഹരിയുടമകള്‍ ശ്രീകണ്ഠന്‍ നായരെ ശാസിച്ചിരിക്കുന്നത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാജ ചെമ്പോല വാര്‍ത്തയുടെ പേരിലാണ് ഓഹരിയുടമകളായ ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനും ശ്രീകണ്ഠന്‍ നായരെ ശാസിച്ചത്.

ശാസനയെത്തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയെ സസ്പെന്റ് ചെയ്തു. 24 ന്യൂസിലെ മറ്റൊരു ഓഹരിയുടമയായ എന്‍ആര്‍ഐ വ്യവസായി ആലുങ്കല്‍ മുഹമ്മദിന്റെ നോമിനിയായാണ് സഹിന്‍ ആന്റണി ചാനലില്‍ എത്തിയത്. വിവാദമുണ്ടായപ്പോള്‍ സഹിന്‍ ആന്റണിയെ സംരക്ഷിക്കുന്ന നിലപാടാണ് ആലുങ്കല്‍ മുഹമ്മദ് സ്വീകരിച്ചിരുന്നത്. ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനും ഈ നിലപാടിനെതിരെ രംഗത്തെത്തി.

മുട്ടില്‍ മരംമുറി വിവാദത്തില്‍ ഉള്‍പ്പെട്ട ദീപക് ധര്‍മ്മടത്തെ സസ്പെന്റ് ചെയ്ത ശ്രീകണ്ഠന്‍ നായര്‍ എന്തു കൊണ്ടാണ് സഹിന്‍ ആന്റണിയെ സംരക്ഷിക്കുന്നതെന്ന് ഗോകുലം ഗോപാലന്‍ ചോദിച്ചു. ചാനലില്‍ ഗോകുലം ഗോപാലന്റെ നോമിനിയായിരുന്നു ദീപക് ധര്‍മ്മടം. 24 ചാനലിന്റെ ഹിന്ദു വിരുദ്ധ അജന്‍ഡ വെളിപ്പെടുത്തിയ ശബരിമല വ്യാജ ചെമ്പോല വിവാദത്തില്‍ ഭീമ ഗോവിന്ദനും രോഷാകുലനാണ്. തങ്ങളുടെ പണമുപയോഗിച്ചു ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനും ശ്രീകണ്ഠന്‍ നായര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

മാതൃഭൂമി വാരികയിലെ മീശ നോവല്‍ വിവാദത്തിന്റെ പേരില്‍ ഭീമ ജ്വല്ലറി മാതൃഭൂമിക്ക് പരസ്യം നല്‍കുന്നതു നിര്‍ത്തിയിരുന്നു. ഇക്കാര്യം ഭീമ ഉടമ ഗോവിന്ദന്‍ പരസ്യമാക്കുകയും ചെയ്തു. ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്ന നോവലിന്റെ പേരില്‍ പരസ്യം നിഷേധിച്ച ഭീമ ഗ്രൂപ്പിന്റെ ഓഹരിയുടമസ്ഥതയിലുള്ള ചാനലിനെ ശബരിമലയ്ക്കും അയ്യപ്പനുമെതിരായ പ്രചരണത്തിനു ഉപയോഗിച്ചതില്‍ ഗോവിന്ദന്‍ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്.

ആലുങ്കല്‍ മുഹമ്മദും പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സനും രക്ഷാധികാരികളായ പ്രവാസി മലയാളി ഫെഡറേഷന്റെ മീഡിയ കോ ഓര്‍ഡിനേറ്ററാണ് സഹിന്‍ ആന്റണി. ഓഹരിയുടമകള്‍ സഹിന്റെ കാര്യത്തില്‍ രണ്ടു തട്ടിലായതു ശ്രീകണ്ഠന്‍ നായരെ വല്ലാതെ ഉലച്ചിട്ടുണ്ട്. എന്തായാലും അടുത്തുതന്നെ ഇന്‍സൈറ്റ് മീഡിയ സിറ്റിയില്‍ ഒരു മാറ്റം ഉറപ്പാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button