Uncategorized

ഇടുക്കിയില്‍ അപൂര്‍വമായ പാമ്പുകടി

ഇടുക്കിയില്‍ അപൂര്‍വമായ പാമ്പുകടി. ചട്ടിത്തലയന്‍ കുഴിമണ്ഡലി എന്നു വിളിക്കുന്ന പാമ്പിന്റെ കടിയേറ്റതായി കേരളത്തില്‍ ഒരു കേസും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ഇടുക്കിയിലെ മേരികുളത്തിനടുത്തുള്ള പുല്ലുമേട് എന്ന സ്ഥലത്തെ ഏലതോട്ടത്തില്‍ വച്ച് യുവതിയുടെ കൈയ്യില്‍ ഈ ഇനത്തില്‍പ്പെട്ട പാമ്പ്് കടിച്ചു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഈ സംഭവത്തെ കുറിച്ചും ചട്ടിത്തലയന്‍ കുഴിമണ്ഡലിയെ കുറിച്ചും പാമ്പുകളെ കുറിച്ചുള്ള ശാസ്ത്രീയ അറിവ് പകരുന്ന സ്നേക്ക് പീഡിയയില്‍ വിദഗ്ദ്ധര്‍ എഴുതിയ കുറിപ്പ് ഇങ്ങനെ…

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സംഭവം ഇങ്ങനെ…

2021 മെയ് 22 ആം തീയതി ഇടുക്കി ജില്ലയിലെ മേരികുളത്തിനടുത്തുള്ള പുല്ലുമേട് എന്ന സ്ഥലത്തെ ഏലതോട്ടത്തില്‍ വച്ച് യുവതിയുടെ കൈപ്പത്തിയില്‍ പാമ്ബുകടിയേല്‍ക്കുന്നു. സമയം എകദേശം 12.15pm.

ഉടനെ തന്നെ രോഗിയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ: അഭിലാഷ് പുരുഷോത്തമന്‍ രോഗിയെ പരിശോധിച്ചു.

പാമ്ബ് ഏതെന്ന് തിരിച്ചറിയാന്‍ വിദഗ്ധരുമായി ബന്ധപ്പെട്ടു. ഫോട്ടോയില്‍ നിന്ന് കടിച്ചത് ചട്ടിത്തലയന്‍ കുഴിമണ്ഡലി എന്ന് വിളിക്കുന്ന Large-scaled Pit Viper (Trimeresurus macrolepis) ആണെന്ന് തിരിച്ചറിഞ്ഞു. ഈ പാമ്ബിന്റെ കടിയേറ്റു എന്ന് പലരും പറഞ്ഞിട്ടുണ്ടെങ്കിലും കേരളത്തില്‍ നിന്ന് ആധികാരികമായ കേസ് റിപ്പോര്‍ട്ട് ഒന്നും വന്നിരുന്നില്ല.

ഇവരുടെ ദേഹത്ത് പച്ച നിറത്തിലുള്ള വലിയ ശല്‍ക്കങ്ങള്‍ ഉണ്ട്. ഇരുവശങ്ങളിലും വെളുത്ത ശല്‍ക്കങ്ങള്‍ ഒരു വര പോലെ കാണാം. ഏതാണ്ട് അര മീറ്റര്‍ നീളം (45 – 60cm).

പശ്ചിമ ഘട്ട മലനിരകളിലെ അര്‍ദ്ധ-നിത്യഹരിത മലങ്കാടുകള്‍, ചോലക്കാടുകള്‍, ചായ, ഏലം, കാപ്പി തോട്ടങ്ങള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. രാത്രി സമയങ്ങളില്‍ ഇര തേടുന്ന ഇവര്‍ കൂടുതല്‍ സമയവും മരങ്ങളില്‍ അധിവസിക്കുന്നു. എലി വര്‍ഗ്ഗത്തില്‍ പെട്ട ജീവികളേയും കിളികളേയും തവളകളേയും ആഹാരമാക്കുന്നു.

രക്തചംക്രമണ വ്യവസ്ഥയെ ബാധിക്കുന്ന വിഷമാണ് ഇവരുടേത് (Haemotoxic). ഇവരുടെ കടിയേറ്റ് ആരും മരിച്ചതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.

ആശുപത്രിയില്‍ നിന്നുള്ള വിവരങ്ങള്‍:

24 മണിക്കൂര്‍ രോഗിയെ നീരിക്ഷിക്കുവാന്‍ തീരുമാനിച്ചു. ആദ്യത്തെ പരിശോധനയില്‍ കടിയേറ്റ കൈപത്തിയില്‍ നീരും വേദനയും മാത്രം. ചെയ്ത ബ്ലഡ് ക്ലോട്ടിങ്ങ് ടെസ്റ്റുകള്‍ എല്ലാം നോര്‍മല്‍. പതുക്കെ പതുക്കെ കയ്യിലെ നീരും വേദനയും കൂടി കൂടി വന്നു. കടിയേറ്റ് ഏകദേശം 6 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബ്ലഡ് ടെസ്റ്റില്‍ രക്തം കട്ടപിടിക്കുന്നില്ല, വേദനയും നീരും കൈമുട്ടിന് മുകളില്‍ എത്തി. അതായത് അണലി (Russell’s Viper) കടിയേറ്റ് വിഷം കയറിയതിന്റെ ലക്ഷണങ്ങള്‍ പോലെ… പക്ഷേ കടിച്ചത് ചട്ടിത്തലയന്‍ കുഴിമണ്ഡലി ആണെന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ASV കൊടുക്കേണ്ട എന്ന് തീരുമാനിച്ചു. സപ്പോര്‍ട്ടീവ് കെയര്‍ തുടര്‍ന്നു.

Poly Valent ASV ഈ പാമ്ബിന്റെ വിഷത്തിനെതിരെ പ്രവര്‍ത്തിക്കുകയില്ല. അണലി (Russell’s Viper), ചുരുട്ട മണ്ഡലി (Saw-scaled Viper), മൂര്‍ഖന്‍ (Spectacled Cobra), വെള്ളിക്കെട്ടന്‍ (Common Indian Krait) എന്നീ നാല് പാമ്ബുകളുടെ വിഷത്തിനെതിരെ മാത്രമേ നമ്മുടെ നാട്ടില്‍ ലഭ്യമായ ASV പ്രവര്‍ത്തിക്കുകയുള്ളൂ.

6 മണിക്കൂര്‍ കഴിഞ്ഞ് ക്ലോട്ടിങ്ങ് ടെസ്റ്റുകള്‍ വീണ്ടും ചെയ്തു. റിസള്‍ട്ട് നോര്‍മല്‍.

അണുബാധ സാധ്യത പരിഗണിച്ച് ആന്റിബയോട്ടിക്ക് നല്‍കി. കൂടെ മറ്റു സപ്പോര്‍ട്ടീവ് ചികിത്സയും. കയ്യിലെ നീരും വേദനയും ക്രമേണ കുറഞ്ഞു വന്നു. നാലാമത്തെ ദിവസം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button