Editor's ChoiceKerala NewsLatest NewsNationalNewsTechWorld

ആക്രമണകാരിയായ സാൻഡ് ഫിഷ് പോലെ കടൽ കാക്കാൻ ഇനി ഐ എൻ എസ് വാഗിർ.

മുംബയ് / ഇന്ത്യൻ നാവികസേനയുടെ അഞ്ചാമത്തെ സ്കോർപീൻ ക്ലാസ് അന്തർവാഹിനി ‘ഐ എൻ എസ് വാഗിർ’ നീറ്റിലിറക്കി. അഡ്വാൻസ്ഡ് അക്വാസ്റ്റിക് അബ്സോർപ്ഷൻ ടെക്നിക് ഉൾപ്പെടെ മികച്ച അത്യാധുനിക സവിശേഷതകളോട് കൂടിയതാന് ഐ എൻ എസ് വാഗിർ. തെക്കൻ മുംബയിലെ മാസഗോൺ ഡോക്കിൽ ആണ് വാഗിറിനെ നീറ്റിലിറക്കിയത്. പ്രതിരോധ സഹമന്ത്രി ശ്രീപദ് നായികിന്റെ ഭാര്യ വിജയാ നായിക് വീഡിയോ കോൺഫ റൻസിലൂടെയാണ് വാഗിറിന്റെ നീറ്റിലിറക്കൽ ചടങ്ങ് നിർവഹിക്കുന്നത്. ചടങ്ങിലെ മുഖ്യാതിഥിയായിരുന്ന ശ്രീപദ് നായികും ഗോവയിൽ നിന്നും വീഡിയോ കോൺഫറൻസ് വഴി ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.

ഉപരിതല വിരുദ്ധ യുദ്ധം, അന്തർവാഹിനി വിരുദ്ധ യുദ്ധം, രഹസ്യാന്വേഷണ ശേഖരണം, സമുദ്രത്തിനടയിൽ മൈനുകളിടുക, പ്രദേശ നിരീക്ഷണം തുടങ്ങിയ ദൗത്യങ്ങൾ ഏറ്റെടുക്കാൻ കഴിവുള്ളതാണ് ഈ അന്തർവാഹിനി. ഇന്ത്യ നിർമിച്ച ആറ് കൽവാരി – ക്ലാസ് അന്തർവാഹിനികളിൽ ഒന്നാണ് ഇത്. ഫ്രഞ്ച് നേവൽ ഡിഫൻസ് ആൻഡ് എനർജി കമ്പനിയായ ഡി.സി.എൻ.എസ് രൂപകല്പന ചെയ്ത കൽവാരി ക്ലാസ് അന്തർവാഹിനികൾ ഇന്ത്യൻ നാവിക സേനയുടെ പ്രോജക്ട് – 75ന്റെ ഭാഗമായാണ് നിർമിച്ചു വരുന്നത്. ടോർപിഡോകളോ ആന്റി -ഷിപ്പ് മിസൈലുകൾ ഉപയോഗിച്ച് സമുദ്രത്തിനടിയിലും ഉപരിതലത്തിലും ആക്രമണങ്ങൾ നടത്താൻ വാഗിറിന് കഴിയും. ഏതൊരു ആധുനിക അന്തർവാ ഹിനിയോടും ഏറ്റുമുട്ടാൻ വാഗിറിന് ശേഷിയുണ്ട്. വാഗിറിന്റെ വരവോടെ ഇന്ത്യ അന്തർവാഹിനി നിർമാണ മേഖലയിൽ നിർണാ യകമായ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ആഴങ്ങളിൽ കണ്ടുവരുന്ന ആക്രമണകാരിയായ സാൻഡ് ഫിഷിൽ നിന്നുമാണ് വാഗിറിന് ഈ പേര് നാമകരണം ചെയ്തിട്ടുള്ളത്. അത്യാധുനിക സാങ്കേതിക വിദ്യകളായ അഡ്വാൻസ്ഡ് അക്ക്വസ്റ്റിക് അബ്സോർപ്ഷൻ ടെക്നിക്സിന് പുറമേ ലോ റേഡിയേറ്റഡ് നോയിസ് ലെവൽസ്, ഹൈഡ്രോ – ഡൈനാമിക്കലി ഒപ്ടിമൈസ്ഡ് ഷെയ്പ് തുടങ്ങിയവയും ശത്രുവിനെ കൃത്യമായി ആക്രമിക്കാനുള്ള കഴിവും വാഗിറിന് മികച്ച സ്റ്റെൽത്ത് സവിശേഷതകൾ ഉറപ്പാക്കുന്നതായി നിർമാണ ചുമതല നിർവഹിച്ച മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് അധികൃതർ പറഞ്ഞു. 1973 ഡിസംബർ 3നാണ് റഷ്യയിൽ നിന്നുള്ള ആദ്യ വാഗിർ അന്തർവാഹിനി ഇന്ത്യൻ നാവികസേന കമ്മിഷൻ ചെയ്തത്. മൂന്ന് ദശാബ്ദം രാജ്യത്തിന് വേണ്ടി സേവിച്ച ആദ്യത്തെ വാഗിർ 2001 ജൂൺ 7നാണ് ഡികമ്മിഷൻ ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button