NewsTechUncategorized

ഇനി പേടിക്കണ്ട, പാമ്പിനെ കണ്ടെത്താൻ ഇതാ ഒരു ആപ്; സ്നേക്ക്പീഡിയ

തിരുവനന്തപുരം: നമ്മുടെ ചുറ്റുവട്ടത്ത്, അല്ലേൽ വീടിനുളളിൽ ഒരിക്കൽ എങ്കിലും പാമ്പിനെ കാണാത്തവരായി ആരും ഉണ്ടാകില്ല. നമുക്ക് അറിയാത്ത തരം ഒരു പാമ്പിനെ പരിസരത്ത് കണ്ടെത്തിയാൽ നമ്മൾ എന്താണ് ചെയ്യുക? അത്തരം സമയങ്ങളിൽ അതിന്റെ ഒരു ഫോട്ടോ എടുത്ത് അയച്ച് കൊടുത്താൽ മതി. ഞൊടിയിടയിൽ അതേത് തരം പാമ്പാണെന്നും അപകടകരമായതാണേൽ റെസ്ക്യൂ ചെയ്യാനായി സമീപത്തുളള വനംവകുപ്പിന്റെ പരിശീലനം ലഭിച്ചയാളുടെ വിവരവും സമീപത്തുളള ആശുപത്രി ഏതാണെന്നും അടക്കം വളരെ പെട്ടന്ന് തന്നെ അറിയാൻ സാധിക്കുന്ന ഒരു അപ്ലിക്കേഷൻ ഇപ്പോൾ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ​ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകും. സ്നേക്ക്പീഡിയ (snakepedia) എന്നാണ് അതിന്റെ പേര്.

അഞ്ചുവർഷത്തോളമെടുത്ത് ശേഖരിച്ച വിവരങ്ങൾ മുൻനിർത്തി ഇൻഫോക്ലിനിക്കിലെ ഒരു കൂട്ടം ‍ഡോക്ടർമാരും ​ഗവേഷകരും അടങ്ങുന്ന സംഘത്തിന്റെ മുൻകയ്യിലാണ് ആപ്പിന്റെ പ്രവർത്തനം. കേരളത്തിന് അകത്തും പുറത്തുമുളള 130 ഫോട്ടോ​ഗ്രാഫർ എടുത്ത വിവിധതരം പാമ്പുകളുടെ ചിത്രങ്ങളാണ് ഇതിൽ ഉപയോ​ഗിച്ചിരിക്കുന്നത്.

കേരളത്തിൽ കാണുന്ന നൂറിലധികം തരം പാമ്പുകളുടെ എഴുന്നൂറിലധികം ചിത്രങ്ങൾ, ഓരോ സ്പീഷീസിനെക്കുറിച്ചും ഇം​ഗ്ലീഷിലും മലയാളത്തിലും ലളിതമായ വിവരണം. കൂടാതെ നിരവധി പോഡ്കാസ്റ്റുകൾ, പാമ്പുകളിലെ ഓരോ സ്പീഷീസിനെയും തിരിച്ചറിയാനായി ഐഡി ടിപ്സ് ഇൻഫോ ഗ്രാഫിക്സ് ഇങ്ങനെ നിരവധി പ്രത്യേകതകളാണ് ഈ ആപ്പിനുളളത്. സാധാരണക്കാർക്ക് എളുപ്പം മനസിലാകുന്നതിനായി സാങ്കേതിക വിവരണങ്ങൾ ഒഴിവാക്കിയാണ് ഇത് തയ്യാറാക്കിയത്.

സാധാരണ പുസ്തകങ്ങളിലും ആപ്പുകളും കാണുന്ന രീതിയിലുള്ള സ്കെയിൽ കൗണ്ട് ഒന്നും ഉൾപ്പെടുത്തിയിട്ടില്ല. അല്പം അകലെ ഒരു പാമ്പിനെ കാണുന്ന ഒരു സാധാരണക്കാരനെ തിരിച്ചറിയാൻ സഹായിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ വിവരങ്ങളിൽ സാങ്കേതിക പദങ്ങൾ ഏതാണ്ട് പൂർണമായും ഒഴിവാക്കിയെന്നാണ് ഇതിന് നേതൃത്വം നൽകുന്നവരിൽ ഒരാളായ ഡോ. ജിനേഷ് പി.എസ് ഫേസ്ബുക്കിൽ കുറിച്ചത്. കേരളത്തിൽ സാധാരണ കാണുന്ന പാമ്പുകളുടെ ഓരോന്നിന്റെയും ഇരുപതോളം ചിത്രങ്ങൾ. ചില പാമ്പുകളുടെ 20 നിറഭേദങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പാമ്പുകളെക്കുറിച്ച് സമ​ഗ്രമായ വിവരങ്ങൾ അടങ്ങിയ ഈ ആപ്പ് 90%വും ഓഫ് ലൈനാണ്. തിരിച്ചറിയാൻ കഴിയാത്ത പാമ്പിന്റെ ഫോട്ടോ എടുത്ത് അയച്ച് കൊടുത്ത് മറുപടി ലഭിക്കണമെങ്കിൽ നമ്മൾ ഓൺലൈൻ ആകേണ്ടി വരും.

പാമ്പിനെ തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ വിദഗ്ധരോട് നേരിട്ടു ചോദിക്കാനും അവസരം. പാമ്പിന്റെ ഫോട്ടോയെടുത്ത് സ്നേക്പീഡിയ എക്സ്പേർട്ട് പാനലിന് അയക്കാം. മറുപടി ഉടൻ ലഭിക്കും. വനം വന്യജീവി വകുപ്പ് നൽകിയ ശാസ്ത്രീയമായ പരിശീലനവും ലൈസൻസും ലഭിച്ച എണ്ണൂറിലധികം പാമ്പ് പിടുത്തക്കാരുടെ വിവരങ്ങൾ, എന്തിന് പാമ്പിനെക്കുറിച്ച് പ്രചാരത്തിലുളള കെട്ടുകഥകളും അന്ധവിശ്വാസങ്ങളുമടക്കം സ്കീനിൽ തെളിയും. പ്രകൃതി സ്നേഹികളും ഡോക്ടർമാരും ശാസ്ത്രരംഗത്തുളളവരും ചേർന്നാണ് തികച്ചും സൗജന്യമായ മൊബൈൽ അപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button