ട്രംപിനെ തട്ടിമാറ്റി സ്‌നാപ്ചാറ്റും, അക്കൗണ്ട് അനിശ്ചിതകാലത്തേക്ക് പൂട്ടി

വാഷിങ്ടണ്‍: സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, വിഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ് അടക്കമുള്ളവ വിലക്കിയതിന് പിന്നാലെ സ്നാപ്ചാറ്റും യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ അക്കൗണ്ട് പൂട്ടി. അനിശ്ചിതകാലത്തേക്കാണ് ട്രംപിന്‍റെ അക്കൗണ്ടിന് സ്‌നാപ്ചാറ്റ് വിലക്ക് ഏര്‍പ്പെടുത്തിയത്.
പൊതുസുരക്ഷ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളുടെ വ്യക്തമായ ലംഘനങ്ങള്‍ ട്രംപിന്‍റെ ഭാഗത്ത് നിന്നുണ്ടായി. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വിദ്വേഷ പ്രഭാഷണം നടത്തുന്നതിനും അക്രമത്തെ പ്രേരിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ട്രംപ് നടത്തിയെന്നും സ്‌നാപ്ചാറ്റ് വക്താവ് അറിയിച്ചു.
യു.എസ് കാപിറ്റല്‍ ഹില്‍ ബില്‍ഡിങ്ങില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് ട്രംപിന്‍റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളുടെ പ്രവര്‍ത്തനം കഴിഞ്ഞ ആഴ്ച നിര്‍ത്തിവെച്ചിരുന്നു. സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ച ഫേസ്ബുക്ക് മേധാവിമാര്‍ക്ക് സക്കര്‍ബര്‍ഗ് ‘അക്രമത്തെ പ്രേരിപ്പിക്കാന്‍ ട്രംപ് ഈ വേദി ഉപയോഗിച്ചുവെന്നും അത് തുടരുമെന്ന് ആശങ്കയുണ്ടെന്നും പറഞ്ഞിരുന്നു. ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും അക്കൗണ്ടുകള്‍ താല്‍കാലികമായി സസ്പെന്‍ഡ് ചെയ്തപ്പോള്‍ ട്വിറ്റര്‍ അകൗണ്ട് പൂര്‍ണമായും അടച്ചു പൂട്ടുകയായിരുന്നു.
പുതിയ വീഡിയോകള്‍ അപ്ലോഡ് ചെയ്യാനാകാത്തവിധം ഏഴ് ദിവസത്തെ താല്‍കാലിക വിലക്കാണ് യൂട്യൂബ് ട്രംപിന്‍റെ ചാനലിന് നല്‍കിയത്. ‘അക്രമത്തിനുള്ള സാധ്യത’ കണക്കിലെടുത്താണ് നടപടിയെന്നും ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് വ്യക്തമാക്കി.
ട്രംപിനെ അനുകൂലിച്ച് നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പടച്ചുവിട്ട 70,000ത്തിലധികം അകൗണ്ടുകളും യൂട്യൂബ് നിര്‍ത്തലാക്കിയിരുന്നു. ട്രംപിന്‍റെ അകൗണ്ട് സസ്പെന്‍ഡ് ചെയ്യണമെന്ന് നിരവധി ആക്ടിവിസ്റ്റ് ഗ്രൂപ്പുകള്‍ യൂട്യൂബിനോട് ആവശ്യപ്പെട്ടിരുന്നു.