5 ജിബിയ്ക്ക് മുകളിൽ സ്റ്റോറേജ് ഉപയോഗിക്കുന്നവർ ഇനി മുതൽ പണം നൽകേണ്ടി വരും; പുതിയ മാറ്റത്തിനായി സ്നാപ്ചാറ്റ്

ഫോട്ടോകളും വീഡിയോകളും സൂക്ഷിക്കുന്നതിനായി ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കാനുള്ള തയ്യാറെടുപ്പിലാണ് സ്നാപ്‌ചാറ്റ്. പുതിയ സംവിധാനപ്രകാരം, 5 ജിബിയ്ക്ക് മുകളിൽ സ്റ്റോറേജ് ഉപയോഗിക്കുന്നവർ ഇനി മുതൽ പണം നൽകേണ്ടി വരും.
2016-ൽ അവതരിപ്പിച്ച ‘സ്നാപ്‌ചാറ്റ് മെമ്മറീസ്’ ഫീച്ചർ വഴി ഉപയോക്താക്കൾ മുൻപ് അയച്ച ഫോട്ടോകളും വീഡിയോകളും ആപ്പിൽ സൂക്ഷിക്കാനായിരുന്നു സൗകര്യം. എന്നാൽ, ഇനി മുതൽ ഈ സേവനം പേയ്ഡ് മോഡലിലേക്കാണ് മാറുന്നത്, എന്ന് കമ്പനി അറിയിച്ചു.
സൗജന്യമായി ലഭിച്ചിരുന്ന സേവനം പണമടച്ച് മാത്രമേ ഇനി ഉപയോഗിക്കാനാവൂ എന്നത് ഉപയോക്താക്കൾക്ക് അസൗകര്യമുണ്ടാക്കാമെന്നും, എന്നാൽ പണമടച്ച് സേവനം ലഭ്യമാക്കുന്നവർക്ക് മികച്ച അനുഭവം ഉറപ്പാക്കുമെന്നും സ്നാപ് അധികൃതർ വ്യക്തമാക്കി. മെമ്മറീസ് ഫീച്ചർ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കാനാണ് ഈ മാറ്റം വരുത്തുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
സ്നാപ്‌ചാറ്റ് അനുസരിച്ച്, ഇതുവരെ ഒരു ട്രില്യണിലധികം പോസ്റ്റുകൾ ഉപയോക്താക്കൾ മെമ്മറീസ് ഫീച്ചർ വഴി സൂക്ഷിച്ചിട്ടുണ്ട്.
പുതിയ പ്ലാനുകളിൽ 100 ജിബി, 256 ജിബി, 5 ടിബി എന്നീ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എങ്കിലും, ഓരോ പ്ലാനിനും എത്ര നിരക്കായിരിക്കും നിശ്ചയിക്കപ്പെടുക എന്നതിനെ കുറിച്ച് കമ്പനി ഇതുവരെ വിശദീകരിച്ചിട്ടില്ല.
Tag: Snapchat to change plans to charge users for storage over 5GB