ലോൺ നിഷേധിച്ച ബാങ്ക് വിലക്ക് വാങ്ങി മധുരപ്രതികാരം തീർത്ത ആദം ഡീറിംഗ്

ആദം ഡീറിംഗ് എന്ന മുപ്പത്തൊൻപത് കാരൻ മധുരപ്രതികാരം തീർത്ത കഥയാണിത്. പ്രായക്കുറവും, അനുഭവപരിചയവും ഇല്ലെന്ന കാരണം പറഞ്ഞു തനിക്കു 21 വയസുള്ളപ്പോൾ ലോൺ നിഷേധിച്ച ബാങ്ക് തന്നെ 39 മത്തെ വയസ്സിൽ വിലക്ക് വാങ്ങിയിരിക്കുകയാണ് ആദം ഡീറിംഗ്. 21 വയസ്സുള്ളപ്പോൾ ആണ് ആദം ഡീറിംഗ് ബിസിനസ് തുടങ്ങാൻ ലോൺ അനുവദിക്കണമെന്ന ആവശ്യവുമായി ഒരു ബാങ്കിനെ സമീപിക്കുന്നത്. ‘വളരെ ചെറുപ്പമാണെന്നും, അനുഭവപരിചയമില്ലെന്നും’ പറഞ്ഞ് ആദത്തിന്റെ അപേക്ഷ ആ ധനകാര്യ സ്ഥാപനം തള്ളുകയായിരുന്നു. ഇന്ന് 17 വർഷങ്ങൾക്ക് ശേഷം, വായ്പ നൽകാൻ വിസമ്മതിച്ച ആ ബാങ്കുതന്നെ ആദം വിലയ്ക്ക് വാങ്ങിയിരിക്കുന്നു.

ഇംഗ്ലണ്ടിലെ ഉർസ്റ്റൺ നിവാസിയായ ആദം 17 വർഷം മുൻപാണ് ഒരു ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നത്. ബിസിനെസ്സ് തുടങ്ങാൻ ആവശ്യമായ പണം കൈയ്യിൽ ഉണ്ടായിരുന്നില്ല. അതിനായി ഒരു ബാങ്ക് വായ്പ എടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു അക്കൗണ്ട് തുറക്കാനും ബിസിനസ് വായ്പയെ കുറിച്ചറിയാനുമായിട്ടാണ് ആദം ബാങ്ക് മാനേജരെ കാണാൻ പോകുന്നത്. ബാങ്കിലേക്കുള്ള യാത്രക്കിടെ ലോൺ അനുവദിക്കണമേ എന്ന പ്രാർത്ഥന മാത്രമായിരുന്നു. ബാങ്കിലേയ്ക്ക് കാലെടുത്തു വെക്കുമ്പോഴും ഇതേ പ്രാർത്ഥന മാത്രമായിരുന്നു ആദത്തിനു ഉണ്ടായിരുന്നത്. 21 വയസു പൂർത്തിയായ ആദത്തിന്റെ മനസ്സിൽ കുറച്ചു പ്രതീക്ഷകളും, സ്വപ്നങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പണമില്ലാതിരുന്നതിനാൽ ബാങ്ക് വായ്പയിൽ ആണ് ആദം എല്ലാ പ്രതീകശകളും അർപ്പിച്ചിരുന്നത്. എന്നാൽ, ആദത്തിന്റെ ബിസിനസ് പദ്ധതികൾ കേട്ട ശേഷം, മാനേജർ വായ്പ നിഷേധിക്കുകയായിരുന്നു.
അദ്ദേഹം വളരെ ചെറുപ്പമാണെന്നും, ബിസിനസ്സ് ചെയ്ത് പരിചയമില്ലെന്നുമെല്ലാം മാനേജർ ആദത്തോട് പറഞ്ഞു. മാനേജരുടെ മറുപടി ആദത്തെ വല്ലാതെ നിരാശനാക്കി.”എനിക്ക് അപമാനവും, നിരാശയും, സങ്കടവും എല്ലാം അനുഭവപ്പെട്ടു” എന്നാണു ഇതേപ്പറ്റി ആദം ഇപ്പോൾ പറയുന്നത്. ഏറെ കഷ്ട്ടമായത് ഇതിനായി ആകെ ഉണ്ടായിരുന്ന സെയിൽസ്മാൻ ജോലി ആദം ഉപേക്ഷിച്ചിരുന്നു എന്നതാണ്. എന്തൊക്കെ തടസ്സം നേരിട്ടാലും തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരാൻ ആദം തീരുമാനിക്കുകയായിരുന്നു പിന്നെ. താൻ പരാജയപ്പെടില്ലെന്ന് അയാൾ ഉറപ്പിച്ചു.
കടം വാങ്ങിയ ഒരു ഫോൺ ഉപയോഗിച്ച്, ആദ്യത്തെ നാല് മാസം തന്റെ ഇടുങ്ങിയ ഓഫീസിലെ തണുത്ത തറയിൽ ഇരുന്ന് അദ്ദേഹം ക്ലൈന്റുകളെ വിളിച്ചുകൊണ്ടിരുന്നു. “ഒരു മേശയോ കസേരയോ വാങ്ങാൻ ആദത്തിന്റെ കൈയിൽ പണമില്ലായിരുന്നു. നാലുമാസം തറയിൽ ഇരുന്നാണ് ആദം ജോലികൾ ചെയ്തത്. ആദം തന്റെ ഇൻസ്റ്റാഗ്രാമിൽ എഴു തിയിരിക്കുന്നത് ഇങ്ങനെയാണ്. “ആദ്യ മാസങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നു, എനിക്ക് ഇത് തുടരാൻ കഴിയുമോ എന്ന് ഞാൻ പലവട്ടം സംശയിച്ചു. അടുത്തമാസം ബില്ലുകൾ എങ്ങനെ അടക്കും എന്നോർത്ത് ഒരുപാട് രാത്രികൾ ഞാൻ ഉറങ്ങാതെ കിടന്നു. എല്ലാം തീർന്നെന്ന് കരുതിയ ഒരുപാട് സന്ദർഭങ്ങളുണ്ടായിരുന്നു. പക്ഷേ, അത് ഉപേക്ഷിക്കാൻ മാത്രം ഞാൻ തയ്യാറായില്ല” ആദം പറഞ്ഞിരിക്കുന്നു. ആദത്തിന്റെ കഠിനാധ്വാനം എന്നാൽ പാഴായില്ല. ഒരു ഡെബ്റ്റ് മാനേജുമെന്റ് കമ്പനി ഉണ്ടാക്കിക്കൊണ്ടുവരാൻ അയാൾക്ക് ആയി. 2014 -ൽ അദ്ദേഹം അത് അഞ്ച് ദശലക്ഷം പൗണ്ടിന് (6.4 ദശലക്ഷം ഡോളർ) വിൽക്കുകയും ചെയ്‌തു. ഇന്ന് ആദത്തിനു സ്വന്തമായി അഞ്ച് മൾട്ടി മില്യൺ കമ്പനിയുണ്ട്. അന്ന് 10000 ഡോളറിന്റെ വായ്‌പ നിഷേധിച്ച ബാങ്ക് ഇന്ന് അദ്ദേഹം 450,000 ഡോളർ കൊടുത്ത് സ്വന്തമാക്കി. ഒരു മോട്ടിവേഷണൽ സ്പീക്കറായ അദ്ദേഹം ഇപ്പോൾ തന്റെ കഠിനാധ്വാനത്തിന്റെ കഥ ആയിരങ്ങളോട് പങ്കുവെക്കുകയാണ്. “നിങ്ങളുടെ സ്വപ്നം ഒരിക്കലും ഉപേക്ഷിക്കരുത്. ഒരുപാട് തടസ്സങ്ങളുണ്ടാകും, എന്നിരുന്നാലും കഠിനമായി പരിശ്രമിച്ചാൽ ഒരുദിവസം അത് നടപ്പിലാവുക തന്നെ ചെയ്യും” അദ്ദേഹം പറഞ്ഞു.