“ലോകമെമ്പാടുമുള്ള ഒരുപാടുപേരുടെ പ്രാർത്ഥനകൾക്ക് ഫലം കണ്ടു ദൈവമേ നന്ദി നന്ദി നന്ദി”; മമ്മൂട്ടിയുടെ തിരിച്ചുവരവ് ആഘോഷമാക്കി സോഷ്യൽമീഡിയ
“ലോകമെമ്പാടുമുള്ള ഒരുപാടുപേരുടെ പ്രാർത്ഥനകൾക്ക് ഫലം കണ്ടു” എന്ന് നിർമാതാവ് ആന്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
ആന്റോയുടെ പോസ്റ്റിൽ എന്താണ് ഉദ്ദേശിച്ചതെന്ന് ചിലർക്ക് വ്യക്തമായില്ലെങ്കിലും, കമന്റുകളിൽ എല്ലായിടത്തും മമ്മൂട്ടിയെ കുറിച്ചായിരുന്നു പ്രതികരണം. “ദൈവമേ നന്ദി നന്ദി നന്ദി” എന്നും ആന്റോ തന്റെ കുറിപ്പിൽ ചേർത്തിരുന്നു.
മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റും മേക്കപ്പ് മാനുമായ എസ് ജോര്‍ജും ഇക്കാര്യം അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. “സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി!”, എന്നാണ് ജോര്‍ജിന്‍റെ പോസ്റ്റ്. നടി മാലാ പാർവതി, നവ്യ നായർ, രമേഷ് പിഷാരടി തുടങ്ങിയ നിരവധിപേർ മമ്മൂട്ടിയ്ക്ക് രോഗസൗഖ്യം നേർന്ന് സമൂഹ മാധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് ആണ് മമ്മൂട്ടിക്ക് ഇനി പൂർത്തിയാക്കാനുള്ള ചിത്രം. ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന സിനിമ എന്നതാണ് ഈ ബിഗ് ബജറ്റ് പ്രോജക്ടിന്റെ പ്രധാന ആകർഷണം. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ അടക്കം നിരവധി പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നു.
ശ്രീലങ്കയും ഡൽഹിയും ഉൾപ്പെടെ പല ലൊക്കേഷനുകളിലായി ചിത്രീകരിക്കുന്ന ഈ ബിഗ് കാൻവാസ് പ്രോജക്ടിന് ഏകദേശം 80 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. രൺജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, രേവതി, ദർശന രാജേന്ദ്രൻ, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവർ കൂടി വേഷമിടുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് തന്നെയാണ് നിർമാണം.
അതേസമയം, മമ്മൂട്ടിയുടെ അടുത്ത റിലീസ് ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ ആണ്. ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിൽ വിനായകനാണ് മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ, മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ നിർമാണം.
Tag: Social media celebrates Mammootty’s comeback