ലഹരി വിപത്തിനെതിരെ സമൂഹം കൂട്ടായ പ്രതിരോധം തീര്‍ക്കണം: പി. രാജീവ്
കൊച്ചി: ലഹരി വിപത്തിനെതിരെ സമൂഹം കൂട്ടായ പ്രതിരോധം തീര്‍ക്കണമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരി വര്‍ജന മിഷന് സംഘടിപ്പിച്ച ലഹരിക്കെതിരെ വിമുക്തി ദീപം തെളിയിക്കല്‍ കളമശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതലമുറയില്‍ അപകടകരമായ രീതിയില്‍ ലഹരിയുടെ സ്വാധീനം വര്‍ധിക്കുകയാണ്. ഇക്കാര്യത്തില്‍ സമൂഹം കൂടുതല്‍ ജാഗ്രതയോടെ ഇടപെടണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എച്ച്എംടി ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ നഷീദ സലാം ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി കൊടുത്തു. മധ്യമേഖല ജോയിന്റ് എക്സൈസ് കമ്മീഷണര്‍ പി.കെ. സനു, വിമുക്തി മിഷന് ജില്ല കോര്‍ഡിനേറ്റര്‍ കെ.എ. ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലാണ് ദീപം തെളിയിക്കല്‍ നടന്നത്.
പറവൂര്‍ ടൗണില്‍ വി.ഡി. സതീശന് എംഎല്‍എ, എറണാകുളത്ത് ചാത്യാത്ത് ചര്‍ച്ചിന് മുന്നില്‍ ടി.ജെ. വിനോദ് എംഎല്‍എ, കൊച്ചി മേയര്‍ ആര്. അനില്‍കുമാര്‍, തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷനില്‍ കെ. ബാബു എംഎല്‍എ, പാലാരിവട്ടം ജംഗ്ഷനില്‍ പി.ടി. തോമസ് എംഎല്‍എ, കൊച്ചിയില്‍ കെ.ജെ. മാക്സി എംഎല്‍എ, നായരമ്പലത്ത് കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എ, കരിമുഗള്‍ ഗാന്ധി സ്ക്വയറില്‍ പി.വി. ശ്രീനിജിന്‍ എംഎല്‍എ, പെരുമ്പാവൂര്‍ ഗാന്ധി സ്ക്വയറില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, കോതമംഗലം ഗാന്ധി സ്ക്വയറില്‍ ആന്റണി ജോണ്‍ എംഎല്‍എ, മൂവാറ്റുപുഴ ഗാന്ധി സ്ക്വയറില്‍ മാത്യു കുഴലനാടന്‍ എംഎല്‍എ, ആലുവ ഗാന്ധി സ്ക്വയറില്‍ നഗരസഭ ചെയര്മാന് എം.ഒ. ജോണ്‍, അങ്കമാലി കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നഗരസഭ ചെയര്മാന് റെജി മാത്യു, പിറവം ടൗണില്‍ നഗരസഭ വൈസ് ചെയര്മാന് കെ.പി. സലീം എന്നിവരുടെ നേതൃത്വത്തിലാണ് ദീപം തെളിയിക്കല്‍ നടന്നത്.