വഴിപാടായി സോളാര്‍ പ്ലാന്റ്: ശബരിമലയില്‍ വികസനത്തിന് ഫണ്ടില്ല
ശബരിമല: ശബരിമലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇതരസംസ്ഥാനങ്ങളിലെ ഭക്തരുടെ കമ്പനികള്‍. എട്ടരക്കോടി രൂപ മുടക്കി സന്നിധാനത്ത് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനികള്‍ രംഗത്തെത്തിയിട്ടുള്ളത്. ശബരിമലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരില്‍ നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പറയാതെ പറയുന്നത്.
കൊറോണ വൈറസ് വ്യാപനത്തോടെ ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം വന്‍ തോതില്‍ ഇടിഞ്ഞു. മാത്രമല്ല ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലെത്തിയെന്നും അധികാരികള്‍ പറഞ്ഞിരുന്നു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലെ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. അതിനൊപ്പമാണ് കൊറോണ വൈറസ് വ്യാപനം ഉണ്ടായത്. യുവതി പ്രവേശനം നടപ്പിലാക്കിയാല്‍ ശബരിമലയില്‍ വരുമാനം ഇടിയുമെന്ന് അന്നത്തെ പ്രസിഡന്റ് എ. പദ്മകുമാര്‍ സര്‍ക്കാരിനോട് സൂചിപ്പിച്ചിരുന്നു.
ഇടിവ് വന്നാല്‍ അത് സര്‍ക്കാര്‍ നികത്തും എന്നായിരുന്നു അന്നത്തെ നിലപാട്. എന്നാല്‍ ബോര്‍ഡിന് വാഗ്ദാനം ചെയ്ത പൈസ മുഴുവനായും നല്‍കാന്‍ കേരള സര്‍ക്കാരിനായിട്ടില്ല. എന്തായാലും സോളാര്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ ആരംഭിക്കുമെന്നാണ് പ്രസിഡന്റ് എന്‍. വാസു പറയുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഗ്രീന്‍കോ കമ്പനിയ്ക്കാണ് നിര്‍മാണ ചുമതല. ഒരുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യും. സിയാല്‍ സാങ്കേതിക സഹായം നല്‍കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.
സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി ചിലവിനത്തില്‍ പത്തു കോടിയോളം രൂപ പ്രതിവര്‍ഷം ലാഭിക്കാമെന്നാണ് ബോര്‍ഡ് കണക്കുകൂട്ടുന്നത്. സന്നിധാനത്തെ ഏഴു കെട്ടിടങ്ങളിലായി പ്ലാന്റ് സ്ഥാപിക്കാനാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. സന്നിധാനത്തെയും പരിസരപ്രദേശങ്ങളിലെയും വികസനപ്രവര്‍ത്തനങ്ങള്‍ ആരുടെയെങ്കിലുമൊക്കെ കാലുപിടിച്ചായാലും നടപ്പാക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള നീക്കത്തിനെതിരെ ഭക്തര്‍ രംഗത്തുണ്ട്.