Editor's ChoiceKerala NewsLatest NewsLocal NewsNationalNews

സോളാർ ഇത്തവണയും കത്തും,ഇരയുടെ കൈയിലാണ് ഇപ്പോൾ പന്ത്, പിണറായിലേക്ക് ആ പന്ത് എത്തിയാൽ സിംഗിൾ ഷൂട്ടിൽ ഗോൾ ആകും.

തിരുവനന്തപുരം / നിയമസഭ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പോലെ തന്നെ സോളാർ ഇത്തവണയും കത്തും. നടക്കാനിരിക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെയർമാൻ കസേരയിലെത്തിയിരിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ തുടക്കത്തിലേ പൂട്ടാൻ എൽ ഡി എഫ് സോളാർ ആയുധമാക്കുമെന്നു സൂചന.സോളാർ കേസിലെ ഇരയുടെ കൈയിലാണ് ഇപ്പോൾ പന്ത്. കേരള രാഷ്ട്രീയത്തിലെ ശക്തനായ ഫോർവേഡ് കളിക്കാരനായ പിണറായി വിജയൻറെ കാലുകളിലേക്ക് ആ പന്ത് എത്തിയാൽ സിംഗിൾ ഷൂട്ടിലൂടെ ഗോൾ അയക്കുമെന്നും ഉറപ്പാണ്.

സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു രണ്ടു വർഷം മുൻപ് സർക്കാരിന് ലഭിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട് സർക്കാർ പൊടി തട്ടി എടുത്തിരിക്കുകയാണ്. ഇതുവരെ റിപ്പോർട്ടിന്മേൽ കാര്യമായ നടപടികൾ ഒന്നും എടുക്കാതിരുന്ന പിണറായി സർക്കാർ തെരഞ്ഞെടുപ്പ് അടുത്ത് വന്നതോടെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെയർമാന് എന്തൊക്കെ പണി കൊടുക്കാമെന്നു ആലോചിക്കുകയാണ്. ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സോളാർ കേസിൽ എൽ ഡി എഫ് പുതിയ നീക്കങ്ങൾ നടത്തിയാൽ ഉമ്മൻചാണ്ടിയെ മുന്നിൽ നിർത്തി പട നയിക്കാനുള്ള കോൺഗ്രസിന്റെ സ്വപ്‌നങ്ങൾ ആകും തകർന്നടിയുക.

തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെയർമാനായി കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് ഉമ്മൻചാണ്ടി സജീവമാകാനിരിക്കുന്ന പുതിയ സാഹചര്യത്തിൽ വിള്ളൽ ഉണ്ടാക്കാൻ സോളാർ കേസിന് കഴിയും. യു ഡി എഫിനെ ഉമ്മൻചാണ്ടി നയിക്കുമെന്നിരിക്കെ നിയമസഭ തിരഞ്ഞെടുപ്പിൽ സോളാർ കേസ് വീണ്ടും പ്രചാരണ വിഷയമാകുമെന്ന് ഇതോടെ ഉറപ്പായി. ഉമ്മൻചാണ്ടിക്ക് പ്രതിച്ഛായ നഷ്‌‌ടത്തിനു കാരണമാക്കിയ സോളാർ തട്ടിപ്പും അതുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണങ്ങളും തന്നെ ഇക്കുറിയും തെരഞ്ഞെടുപ്പിൽ കത്തി ആളും.

സോളാർ വീണ്ടും ആയുധമാക്കാൻ തന്ത്രപരമായ നീക്കമാണ് എൽ ഡി എഫ് നടത്തുന്നത്. സോളാർ തട്ടിപ്പ് കേസിലെ പ്രതിയും ലൈംഗിക പീഡന കേസിലെ ഇരയും ആയ യുവതി മുഖ്യമന്ത്രി പിണറായി വിജയന് ഒരു കത്ത് നൽകിയതായി വന്ന വാർത്ത ഇതിന്റെ ഭാഗമാണ്. ലൈംഗിക പീഡന കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യ മന്ത്രിക്ക് യുവതി കത്ത് നൽകിയതെന്നും റിപ്പോർട്ടുണ്ട്. പരാതിക്കാരിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ സോളാർ കേസ് സി ബി ഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ വിടുന്ന സാഹചര്യം ആണ് ഇപ്പോഴുള്ളത്. അങ്ങനെയായാൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അത് വൻ തിരിച്ചടിയായിരിക്കുമെന്നു മാത്രമല്ല,കോൺഗ്രസ് ഹൈക്കമാന്റിന്റെ കണക്ക് കൂട്ടലുകൾ കൂടി തകിടം മറിക്കുന്നതായിരിക്കും അത്.

കോൺഗ്രസിലെ പ്രമുഖരായ ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, എം പിമാരായ അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ എം എൽ എ, ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്‌ദുളളക്കുട്ടി എന്നിവർക്കെതിരെ നിലവിൽ ലൈംഗിക പീഡന പരാതിയിൽ പൊലീസ് കേസ് എടുക്കുകയും, അന്വേഷണം നടക്കുകയുമാണ്. സോളാർ ലൈംഗിക പീഡന കേസിൽ സി.ബി.ഐ അന്വേഷണം എന്ന കാര്യത്തിൽ ബി ജെ പിക്കും അനുകൂല നിലപാടാണ് ഉള്ളത്. കോൺഗ്രസിനെ കേരളത്തിലെ തിരഞ്ഞെടുപ്പിൽ തകർത്തെറിയാം എന്നതിനൊപ്പം തങ്ങളുടെ വോട്ടു ബാങ്കിലേക്ക് കൂടുതൽ യു ഡി എഫ് വോട്ടുകൾ എത്തിക്കാം എന്ന ബി ജെ പി യുടെ ലക്ഷ്യത്തിനു ഇത് ഗുണം ചെയ്യും.

കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ നാലര വർഷത്തോളം കാര്യമായി ഇടപെടാതിരുന്ന ഉമ്മൻ ചാണ്ടി, എൽ ഡി എഫിന് പ്രതികൂലമായ സാഹചര്യം ആണെന്ന് നോക്കി കണ്ടതോടെയാണ് മുഖ്യമന്ത്രി കസേരയുടെ മോഹവുമായി വീണ്ടും രംഗത്ത് വരുന്നത്. തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ തലവനാകാൻ ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയോടെ ഹൈക്കമാന്റിന്റെ ആശീർവാദം ഉണ്ടാക്കിയെങ്കിലും, പഴ സോളാർ വീണ്ടും വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങൾ സോളാർ തട്ടിപ്പ് കേസിന് പുതിയ പുതിയ മാനങ്ങൾ നൽകുകയായിരുന്നു. കേസ് ഇത്രയേറെ വിവാദമായതും അതുകൊണ്ടു തന്നെയായിരുന്നു. സോളാർ കേസിലെ ഇരയുടെ കൈയിലാണ് ഇപ്പോൾ പന്ത്. കേരള രാഷ്ട്രീയത്തിലെ ശക്തനായ ഫോർവേഡ് കളിക്കാരനായ പിണറായി വിജയൻറെ കാലുകളിലേക്ക് ആ പന്ത് എത്തിയാൽ സിംഗിൾ ഷൂട്ടിലൂടെ ഗോൾ അയക്കുമെന്നും ഉറപ്പാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button