തെരുവില്‍ അലയുന്ന 22,000 പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി അമ്മയും മകനും
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിരവധി ആളുകളാണ് ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായഹസ്തവുമായി എത്തുന്നത്. അത്തരത്തിലൊരു അനുഭവമാണ് ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഔദ്യോഗിക പേജിലൂടെ ലോകം അറിഞ്ഞത്.
പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന ഒരു അമ്മയുടെയും മകന്റെയും കഥയായിരുന്നു അത്. സമൂഹമാധ്യമങ്ങളില്‍ ഈ വാര്‍ത്ത ഇപ്പോള്‍ വൈറലായി മാറിക്കഴിഞ്ഞു.
ഹീന മാണ്ഡവ്യ, ഹര്‍ഷ് മാണ്ഡവ്യ എന്ന അമ്മയും മകനും കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം തുടങ്ങിയതില്‍പ്പിന്നെ 22,000 പൊതി ഉച്ചഭക്ഷണവും, 55,000 റൊട്ടികളും, വീട്ടില്‍ത്തന്നെ ഉണ്ടാക്കിയ 6,000 മധുരപലഹാരങ്ങളുമാണ് പാവങ്ങള്‍ക്കായി വിതരണം ചെയ്തത്. ഹര്‍ഷ് താലി ആന്‍ഡ് പറാത്താസ് എന്ന സ്ഥാപനത്തിന്റെഉടമസ്ഥരാണ് ഈ അമ്മയും മകനും.
ഹര്‍ഷിന് ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ നഷ്ടമായി എന്ന് ഹ്യൂമന്‍സ് ഓഫ് ബോംബെ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. അതിനെത്തുടര്‍ന്നുണ്ടായ വെല്ലുവിളികളെ അതിജീവിച്ച് മകന് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ആ അമ്മ തീരുമാനിച്ചു.
അതിനുവേണ്ടി അവര്‍ വീട്ടില്‍ത്തന്നെ ഒരു ടിഫിന്‍ സര്‍വീസ് ആരംഭിച്ചു. ‘ആദ്യത്തെ ഓര്‍ഡര്‍ നല്‍കിയത് വീടിന്റെ അടുത്ത് താമസിക്കുന്ന ഒരു ആന്റിയായിരുന്നു, അതും 35 രൂപയ്ക്ക്. അതായിരുന്നു അമ്മയുടെ ആദ്യത്തെ വരുമാനം. പതിയെ ബിസിനസിനെക്കുറിച്ച് കൂടുതല്‍ ആളുകള്‍ അറിയാന്‍ തുടങ്ങി. അമ്മ ഭക്ഷണം ഉണ്ടാക്കും, ഞാന്‍ വീടുകളില്‍ എത്തിക്കും’, ഹര്‍ഷ് പറയുന്നു.
ഹീനയുടെ ഭക്ഷണത്തിന്റെ രുചി അറിഞ്ഞ് ആളുകള്‍ പിന്നീട് ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങി. 2003 ആയപ്പോള്‍ ഇത് അല്‍പ്പം വിശാലമായ രീതിയിലേക്ക് ഹീന വളര്‍ത്തിയെടുത്തു. ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഹര്‍ഷ് അമ്മയുടെ ബിസിനസ് ഏറ്റെടുത്ത് ഓണ്‍ലൈനാക്കി. കച്ചവടം പച്ച പിടിച്ചതോടെ സംരംഭം തുടങ്ങാന്‍ അകമഴിഞ്ഞ് സഹായിച്ചവരെ ഹര്‍ഷ് തേടിയെത്തി.
പണം നല്‍കാന്‍ തുനിഞ്ഞപ്പോള്‍ അവര്‍ വേറെ പത്തുപേരെ സഹായിക്കൂ എന്നായിരുന്നു ആവശ്യപ്പെട്ടത്. ഇതോടെയാണ് 2020ലെ ലോക്ഡൗണ്‍ മുതല്‍ അമ്മയും മകനും ഭക്ഷണപ്പൊതികള്‍ തെരുവിലെ മനുഷ്യര്‍ക്കായി നല്‍കാന്‍ തുടങ്ങിയത്. ഇതിനായി നിരവധി പേര്‍ സംഭാവനകളും നല്‍കി. രണ്ടാം തരംഗം തുടങ്ങിയപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഒന്നര ലക്ഷം രൂപ ആളുകള്‍ സംഭാവന നല്‍കി. ഈ പണം ഉപയോഗിച്ച് ഇവര്‍ ഭക്ഷണപ്പൊതികള്‍
തയ്യാറാക്കുകയായിരുന്നു.