സോണിയ വിളിച്ചു, കെ വി തോമസ് വിളികേട്ടു.

കൊച്ചി / പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രൊഫ. കെ വി തോമസിനെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു. തിരുവനന്തപുരത്ത് ചേരുന്ന കെ പി സി സി യോഗത്തിൽ സോണിയ ഗാന്ധി വിളിച്ചുതിനാലാണ് കെ വി തോമസ് പങ്കെടുക്കുന്നത്. സോണിയ ഗാന്ധി വിളിച്ചതായും, സോണിയ ഗാന്ധി പറഞ്ഞതു കൊണ്ടാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്നും കെ വി തോമസ് ഇന്നലെ വൈകി കൊച്ചിയിൽ പറഞ്ഞു. കൊച്ചിയിൽ നടത്താനിരുന്ന വാർത്താ സമ്മേളനം കെ വി. തോമസ് നേരത്തെ റദ്ദാക്കിയിരുന്നു.
കെ വി തോമസ് പാർട്ടി വിട്ട് സി പി എമ്മിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായി. മധ്യസ്ഥശ്രമവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് വിളിച്ചതോടെ കെ വി തോമസ്, വിളി കേട്ടിരിക്കുകയാണ്. സോണിയ ഗാന്ധി പറയുന്ന കാര്യം അനുസരിക്കുമെന്നും അവർ പറഞ്ഞാൽ അവഗണിക്കാൻ പറ്റില്ലെന്നും പറഞ്ഞ കെ വി തോമസ് പാർട്ടിയിൽ നിന്നുള്ള ചിലർ ആക്ഷേപിച്ചത് വേദന ഉണ്ടാക്കിയെന്നും പറയുകയുണ്ടായി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെ വിളിച്ചിരുന്നുവെന്നും കെ വി തോമസ് പറഞ്ഞു.
ചില വിഷമങ്ങൾ ഉണ്ട്. ബാക്കി കാര്യങ്ങൾ ചർച്ചയ്ക്ക് ശേഷം പറയാമെന്നു പറഞ്ഞ കെ വി തോമസ്, ഉപാധികൾ ഒന്നുമില്ലാതെയാണ് ചർച്ചയിൽ പങ്കെടുക്കുന്നതെന്നും, ഇതേവരെ ഒരു സ്ഥാനവും ആരും ഓഫർ ചെയ്തിട്ടില്ലെന്നും പറയുകയുണ്ടായി.