വൈഗയെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു; തനിക്ക് ജീവനൊടുക്കാന്‍ സാധിച്ചില്ലെന്നും സനുവിന്റെ മൊഴി
എറണാകുളം: എറണാകുളത്തെ വൈഗയുടെ ദുരൂഹ മരണ കേസില്‍ കുറ്റസമ്മതം നടത്തി പിതാവ് സനു മോഹന്‍. മകളെ പുഴയിലേക്ക് തള്ളിയിട്ടത് താനെന്ന് സനുമോഹന്‍ പൊലിസിനോട് സമ്മതിച്ചു. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനു മോഹന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
‘കടബാധ്യത മൂലം ആത്മഹത്യ ചെയ്യാമെന്ന് കരുതി. തനിയെ മരിച്ചാല്‍ മകള്‍ അനാഥമായകുമെന്ന് കരുതി. കൊച്ചിയിലെ ഫഌറ്റിലെത്തിയ ശേഷം മരിക്കാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞു. അമ്മയെ അമ്മയുടെ വീട്ടുകാര്‍ നോക്കിക്കൊള്ളുമെന്നും. ഇത് കേട്ട് കരഞ്ഞുകൊണ്ട് പുറത്തേക്കോടാന്‍ ശ്രമിച്ച വൈഗയെ പിടിച്ചു. തന്നോട് ചേര്‍ത്ത് കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. ശരീരത്തിന്റെ ചലനം നിലക്കും വരെ ശ്വാസം മുട്ടിച്ചു.
വൈഗയുടെ മൂക്കില്‍ നിന്ന് രക്തം ഒഴുകി. ഇത് ബെഡ് ഷീറ്റ് ഉപയോഗിച്ച് തുടച്ചു. തുടര്‍ന്ന് മകളെ ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ കിടത്തി.
മുട്ടാര്‍ പുഴയുടെ കല്‍ക്കെട്ടിലെത്തി. വൈഗയെ കൈയിലെടുത്ത് പുഴയിലേക്ക് താഴ്ത്തി. മരിച്ചെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. ഭയം കാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ല. തുടര്‍ന്ന് ബാംഗ്ലൂരും ഗോവയിലും മൂകാംബികയിലും പോയി. കൈയ്യിലുണ്ടായിരുന്ന പണം പനാജിയില്‍ ചൂതുകളിച്ച് കളഞ്ഞു. ഒളിവില്‍ പോയതല്ല മരിക്കാന്‍ പോയതാണ്. യാത്രക്കിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ല- ഇതാണ് സനുമോഹന്റെ മൊഴി.
എന്നാല്‍ മൊഴികളില്‍ പൊരുത്തകേടുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വൈഗയെ പുഴയിലെറിഞ്ഞത് താനാണ് എന്ന സനുമോഹന്റെ ഒരൊറ്റ വരി കുറ്റസമ്മത മൊഴി മാത്രമാണ് പൊലിസ് വിശ്വസിച്ചിട്ടുള്ളത്. ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ ശ്രമമെന്ന സനുമോഹന്റെ മൊഴി പൊലിസ് വിശ്വാസത്തിലെടുത്തിട്ടില്ല.
വൈഗയുടെ മൃതദേഹം എറണാകുളത്ത് നിന്ന് പുഴയില്‍ നിന്ന് കണ്ടെത്തിയ ശേഷം പിതാവ് സനുമോഹന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു കൊച്ചി പൊലിസ്. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനാണ് ഇന്നലെയോടെ അവസാനമായത്.