സ്ഥാനാർഥി നിർണയത്തിൽ യുവാക്കൾ, വനിതകൾ എന്നിവർക്ക് മുഖ്യ പ്രാതിനിധ്യം നൽകാൻ സോണിയാ ഗാന്ധി

ന്യൂഡൽഹി/ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ യുവാക്കൾ, വനിതകൾ എന്നിവർക്ക് മുഖ്യ പ്രാതിനിധ്യം നൽകാൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിർദേശം. ഉമ്മൻ ചാണ്ടിയെ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി അധ്യക്ഷനായി തിരഞ്ഞെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിനുള്ള വിവിധ സമിതികളെ ദേശീയ നേതൃത്വം ഉടൻ പ്രഖ്യാപിക്കും.
മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും,ദേശീയ നേതൃത്വത്തെ പ്രതിനിധീകരിച്ച് എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ എന്നിവരും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി സോണിയ ഗാന്ധിയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചക്ക് ശേഷം ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റി യുഡിഎഫ് അധികാരത്തിൽ തിരികെ എത്തുമെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംയുക്തമായി പ്രതികരിക്കുകയുണ്ടായി. ജനങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളുമറിഞ്ഞുള്ള ജനകീയ തെരെഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്കു രൂപം നൽകുമെന്ന് എ.കെ. ആന്റണി അറിയിച്ചു. മുഖ്യ മന്ത്രിയുടെ കാര്യം തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കുമെന്നാണ് ഹൈക്കമാൻറ്റ് നിലപാട്.