വൃദ്ധരായ മാതാപിതാക്കളോട് മകന്റെ ക്രൂരത, ഭക്ഷണം കൊടുക്കാതെ പൂട്ടിയിട്ടു, കാവലിന് നായയെ കട്ടിലിൽ കെട്ടി.

കോട്ടയം /മാതാപിതാക്കളോട് ഇത്രയും ക്രൂരത ആകുമോ,പെറ്റുവെച്ച ജന്മങ്ങളോട് ഇങ്ങനെയൊക്കെ ചെയ്യാനാകുമോ… വയോധികരായ മാതാപിതാക്കളെ ഭക്ഷണം കൊടുക്കാതെ വീട്ടിൽ പൂട്ടിയിട്ട മകൻ അയൽ വാസികൾ വരാതിരിക്കാൻ നായയെ കട്ടിലിൽ കെട്ടി കാവൽ നിർത്തിയിരിക്കുന്നു. വയോധിക ദമ്പതികളുടെ ദുരന്ത കഥ അറിഞ്ഞെത്തിയ ആശാവർക്കർമാർ അടങ്ങിയ സംഘം ഇരുവരെയും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അച്ഛൻ മരിച്ചു. ഭക്ഷണമോ മരുന്നോ നൽകാതെ വീട്ടിലെ മുറിയിൽ അടച്ചിട്ട മകൻ ഇവർ കിടന്ന കട്ടിലിൽ പട്ടിയെ കെട്ടിയിടുകയായിരുന്നു.
സ്ഥലത്തെ ആശാപ്രവർത്തകർ ദമ്പതികളുടെ ദയനീയസ്ഥിതി അറിയിച്ചതോടെ ജനപ്രതിനിധികളും പൊലീസും സ്ഥലത്തെത്തിയപ്പോഴാണ് നാടിനെ നടുക്കിയ കാഴ്‌ച കാണുന്നത്. ഭക്ഷണമോ മരുന്നോ നൽകാതെ വീട്ടിലെ മുറിയിൽ അടച്ചിട്ടിരിക്കുമ്പോൾ, മകൻ പട്ടിക്ക് കൃത്യമായി ഭക്ഷണം നൽകിയിരുന്നു. ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും എത്തിയെങ്കിലും വൃദ്ധ ദമ്പതികളുടെ ബന്ധുക്കൾ വീട്ടിലേക്ക് കയറാൻ അനുവദിച്ചില്ല.കോട്ടയം മുണ്ടക്കയം അസംബനിയിൽ തൊടിയിൽ വീട്ടിൽ പൊടിയനാണ് (80) മരിച്ചത്. ഭാര്യ അമ്മിണി (76)യെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച രാത്രിയോടെ പൊടിയൻ ആശുപത്രിയിൽ മരണപ്പെടുകയായിരുന്നു. മകന്‍ റെജിയുടെ സംരക്ഷണയിലായിരുന്നു ദമ്പതികളുടെ ജീവിതം. ഇവരുടെ സ്ഥിതി അറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. വീട്ടിലേക്ക് അയൽവാസികൾ വരാതിരിക്കാനായാണ് റെജി നായയെ കട്ടിലിൽ കെട്ടി കാവൽനിർത്തിയിരുന്നത്. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം കേസ് എടുക്കുമെന്നാണ് പൊലീസ് പറഞ്ഞിരിക്കുന്നത്.