ആന്ധ്രയിലെ നെല്ലൂരിലും കുര്‍ണൂലിലും ഓക്സിജന്‍ പ്ലാന്റുകള് സ്ഥാപിക്കാനൊരുങ്ങി സോനു സൂദ്
ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ നെല്ലൂരിലും കുര്‍ണൂലിലും ഓക്സിജന്‍ പ്ലാന്റുകള് സ്ഥാപിക്കാനൊരുങ്ങി ബോളിവുഡ് താരം സോനു സൂദ്. നെല്ലൂര്‍ ജില്ല ആശുപത്രിയിലും കുര്‍നൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലും ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുകയെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. ഇനി രാജ്യത്തെ ഗ്രാമങ്ങളെ സംരക്ഷിക്കേണ്ട സമയമാണെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി.
ജൂണ്‍ മാസത്തിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കുക. സോനൂ സൂദ് രാജ്യത്ത് സ്ഥാപിക്കാനൊരുങ്ങുന്ന ഓക്‌സിജന്‍ പ്ലാന്‍റുകളില്‍ ആദ്യത്തേതാണ് ആന്ധ്രയിലേത്. ഇതിന് ശേഷം മറ്റ് സംസ്ഥാനങ്ങളിലും പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് സോനു സൂദ് അറിയിച്ചു.
അടുത്തിടെ സോനു സൂദിന്‍റെ ടീം ബാംഗ്ലൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ച് 22 പേരുടെ ജീവന്‍ രക്ഷിച്ചിരുന്നു. എ.ആ.ര്‍എ.കെ ആശുപത്രി സോനു സൂദ് ഫൗണ്ടേഷനെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ അത്യാവശ്യമായി വേണമെന്ന് അറിയിക്കുകയായിരുന്നു. പെട്ടന്ന് തന്നെ അവര്‍ 16 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
ഓക്സിജന്‍ സിലിണ്ടര്‍, ആശുപത്രി കിടക്ക എന്നിവ ആവശ്യമുള്ളവരെയും സോനു സൂദ് സഹായിക്കുന്നുണ്ട. വിദേശ രാജ്യങ്ങളില്‍ നിന്നും ഓക്സിജന്‍ പ്ലാന്റുകളും സോനൂ സൂദ് ഇന്ത്യയില്‍ എത്തിച്ചു. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി പോകേണ്ടി വന്ന ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായമെത്തിക്കാന്‍ സോനു സൂദ് മുന്നില്‍ തന്നെയുണ്ടായിരുന്നു.