സംസ്ഥാനത്ത് ബാറുകള്‍ തുറക്കാനുള്ള വഴിയൊരുങ്ങുന്നു. എക്സൈസ് മന്ത്രിയുടെ ശുപാര്‍ശ മുഖ്യമന്ത്രിക്ക്

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്തെ ബാറുകളും ബിയര്‍ പാലര്‍ലറുകളും തുറക്കുന്നു. എക്‌സെെസ് വകുപ്പിന്റെ ശുപാര്‍ശയില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും അനുകൂല നിലപാടിലാണ്. ഇതു സംബന്ധിച്ച് നികുതി സെക്രട്ടറിക്ക് എക്സൈസ് കമ്മിഷണര്‍ കൈമാറിയ നിര്‍ദേശം എക്സൈസ് മന്ത്രിയുടെ ശുപാര്‍ശയോടെ മുഖ്യമന്ത്രിക്കു നല്‍കി. തുറക്കാനുള്ള ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണു സൂചന.
നിലവില്‍ ബാറുകളിലും ബീയര്‍ പാര്‍ലറുകളിലും പ്രത്യേക കൗണ്ടര്‍ വഴി പാഴ്സല്‍ വില്‍പന മാത്രമാണുള്ളത്. അതിനായി ബവ്കോ ആപ്പില്‍ ബുക്ക് ചെയ്യണം. ലൈസന്‍സ് ഫീസ് ഇനത്തില്‍ വന്‍ തുക നല്‍കുന്ന തങ്ങള്‍ക്ക് ഇതു വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതായി ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നതു പോലെ കേരളത്തിലും തുറക്കണമെന്നാവശ്യപ്പെട്ടു സംഘടന നിവേദനം നല്‍കി. വിഷയം വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്ത് അനുകൂല നിലപാടെടുത്തു.
പഞ്ചാബ്, ബംഗാള്‍, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്ന പശ്ചാത്തലത്തില്‍ കേരളത്തിലും തുറക്കാമെന്നാണ് എക്സൈസ് കമ്മിഷണറുടെ ശുപാര്‍ശ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള നിര്‍ദേശമാവും പുറപ്പെടുവിക്കുകയെന്നാണു സൂചന. സംസ്ഥാനത്ത് 596 ബാറുകളും 350 ബിയര്‍ വൈന്‍ പാര്‍ലറുകളുമുണ്ടെന്നാണ് കണക്ക്. ബാറുകള്‍ തുറന്നാല്‍ ഇവിടത്തെ പാഴ്സല്‍ വില്‍പന അവസാനിപ്പിക്കും. രാവിലെ 9 മുതല്‍ രാത്രി 9 വരെയാകും പ്രവര്‍ത്തന സമയം. നിശ്ചിത അകലത്തില്‍ കസേരകള്‍ ഇടണമെന്നും ഒരു മേശയില്‍ 2 പേര്‍ മാത്രമേ പാടുള്ളൂവെന്നും നിര്‍ദേശം നല്‍കും.