‘സൂരറൈ പോട്ര്’ ഇനി ഹിന്ദിയിലേക്ക്; നിര്‍മ്മാതാവായി സൂര്യ
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഡയറക്ട് ഒടിടി റിലീസ് ആയി എത്തിയതും, ജന പ്രീതി നേടിയതുമായ ഒരു തമിഴ് ചിത്രമാണ് ‘സൂരറൈ പോട്ര്’. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തില്‍ അപര്‍ണ ബാലമുരളിയായിരുന്നു നായിക.
ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിച്ച ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചാവിഷയമായിരുന്നു ഈ സിനിമ. ഇപ്പോഴിതാ സൂരറൈ പോട്ര് ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു. സൂര്യ തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
സൂര്യയുടെ 2 ഡി എന്റര്‍ടെയ്‌മെന്റ്‌സും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയോ അണിയറ പ്രവര്‍ത്തകരെയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സുധ കൊങ്കര തന്നെയായിരിക്കും ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുക. കൊവിഡിനെ തുടര്‍ന്ന്് ആമസോണ്‍ പ്രൈമിലൂടെ തമിഴ്, മലയാളം, തെലുങ്ക്, കന്നട, എന്നീ ഭാഷകളിലാണ് സുരറൈ പോട്ര് റിലീസ് ചെയ്തത്.
ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പോട്ര്. ഏറെക്കാലത്തിനു ശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത സൂര്യ ചിത്രമായി മാറിയിരുന്നു സൂരറൈ പോട്ര്. അപര്‍ണ ബാലമുരളി ‘ബൊമ്മി’ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.