Kerala NewsLatest NewsNationalNews

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പത്ത് ഷട്ടറുകളും തുറന്നു: നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്

ഇടുക്കി: നാട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഒരു മുന്നറിയിപ്പുമില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പത്ത് സ്പില്‍വെ ഷട്ടറുകള്‍ തുറന്നു. ഷട്ടറുകള്‍ 60 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. സെക്കന്റില്‍ 8000 ഘനയടിയോളം വെള്ളമാണ് ഒഴുക്കിവിട്ടത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് തമിഴ്‌നാട് സ്പില്‍വെ ഷട്ടറുകള്‍ തുറന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഈ സീസണില്‍ ആദ്യമായാണ് ഇത്രയധികം വെള്ളം തുറന്നു വിടുന്നത്. മുന്‍കൂട്ടി അറിയിക്കാത്തതില്‍ വള്ളക്കടവില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പെരിയാര്‍ തീരത്തെ ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങിയതും ആശങ്കയാണ്. പ്രതിഷേധം കനത്തതോടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കുറച്ചു.

കടശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം എന്നിവിടങ്ങളിലായി പത്തു വീടുകളില്‍ വെള്ളം കയറി. പന്ത്രണ്ടു വീടുകളുടെ മുറ്റത്ത് വെള്ളം എത്തി. മുല്ലപ്പെരിയാര്‍ മുന്നറിയിപ്പില്ലാതെ തുറന്നത് ധിക്കാരപരമായ നടപടിയെന്ന് പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ പറഞ്ഞു. 11 മണിക്ക് സര്‍വകക്ഷി യോഗം ചേര്‍ന്ന് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇതിനിടെ മുല്ലപ്പെരിയാര്‍ വള്ളക്കടവില്‍ സിപിഎം പ്രതിഷേധം സംഘടിപ്പിച്ചു. തമിഴ്‌നാട് മുന്നറിയിപ്പ് നല്‍കാതെ ഷട്ടര്‍ തുറന്നതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ പ്രകടനം. തുറന്ന പത്ത് ഷട്ടറുകളില്‍ ഒന്‍പതും അടച്ചു. അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവും കുറച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ 493 ഘനയടി വെള്ളം മാത്രമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്. സ്പില്‍വേയിലെ ഒരു ഷട്ടര്‍ പത്ത് സെന്റീമീറ്റര്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. നിലവില്‍ 142 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button