CinemaDeathKerala NewsLatest NewsMovieMusicNationalNewsWorld

എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

മധുരസംഗീതത്തിന്റെ ദക്ഷിണേന്ത്യൻ പര്യായം എസ്.പി.ബാലസുബ്രഹ്‌മണ്യം (74) വിടവാങ്ങി. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 5 മുതൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എസ്പിബി ‘അതീവ ഗുരുതരാവസ്ഥയിൽ’ ആണെന്ന് ആശുപത്രി വ്യാഴാഴ്ച വൈകിട്ട് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു. പത്മശ്രീയും പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആറുതവണ നേടി. നടൻ, സംഗീത സംവിധായകൻ, ഡബ്ബിങ് ആർട്ടിസ്‌റ്റ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാര്യ: സാവിത്രി. മക്കൾ: പിന്നണി ഗായകനും നിർമാതാവുമായ എസ്.പി.ചരൺ, പല്ലവി.

ഓഗസ്റ്റ് 13ന് എസ്പിബിയുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്റര്‍ സഹായം നല്‍കി. പ്ലാസ്മ തെറപ്പിക്കും വിധേയനായി. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സെപ്റ്റംബര്‍ 19ന് മകന്‍ എസ്.പി.ചരൺ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയിൽ വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. ആരോഗ്യം നന്നാകുന്നുവെന്നു കാണിച്ച് എസ്പിബി തന്നെ വിഡിയോയും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

1946 ജൂൺ 4 ന് ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് ‘എസ്പിബി’ എന്നും ‘ബാലു’ എന്നും അറിയപ്പെട്ട ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യത്തിന്റെ ജനനം. ഹരികഥാ കലാകാരൻ എസ്.പി. സാംബമൂർത്തിയായിരുന്നു പിതാവ്. അമ്മ ശകുന്തള. മകനെ എൻജിനീയറാക്കണമെന്നായിരുന്നു പിതാവിന്റെ മോഹമെങ്കിലും ചെറുപ്പത്തിലേ സംഗീതത്തോട് അഭിനിവേശം തോന്നിയ ബാലു പാട്ടിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി പതിനാറു ഭാഷകളിലായി 40,000 ൽ അധികം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഇത്രയധികം ചലച്ചിത്രഗാനങ്ങൾ പാടിയ മറ്റൊരു ഗായകൻ ലോകത്തുണ്ടായിട്ടില്ല. ഏറ്റവുമധികം പാട്ടുകൾ റെക്കോർഡ് ചെയ്‌തതിന്റെ ഗിന്നസ് റെക്കോർഡ് എസ്.പി.ബാലസുബ്രഹ്‌മണ്യത്തിന്റെ പേരിലാണ്. തെലുങ്ക് സംഗീതസംവിധായകൻ എസ്.പി.കോദണ്ഡപാണിയുടെ ശ്രീശ്രീ ശ്രീ മര്യാദ രാമണ്ണ(1966)യിലാണ് അദ്ദേഹം ആദ്യമായി പാടിയത്.

നാലു ഭാഷകളിലായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ആറു തവണ അദ്ദേഹത്തെ തേടിയെത്തി. 1979-ൽ പുറത്തിറങ്ങിയ കെ. വിശ്വനാഥിന്റെ ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിലെ ഓംകാര നാദനു എന്ന ഗാനം എസ്പിബിയെ ആദ്യത്തെ ദേശീയ അവാർഡിന് അർഹനാക്കി. ഏക് ദുജേ കേലിയേ (ഹിന്ദി – 1981), സാഗര സംഗമം (തെലുങ്ക് – 1983), രുദ്രവീണ (തെലുങ്ക് – 1988), സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗാവയി (കന്നഡ – 1995), മിൻസാര കനവ് (തമിഴ് – 1996) എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും ദേശീയ അവാർഡ് ലഭിച്ചു.

2001 ൽ പത്മശ്രീയും 2011 ൽ പദ്‌മഭൂഷണും ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, കേരള സർക്കാരിന്റെ ഹരിവരാസനം പുരസ്കാരം, കർണാടക സർക്കാരിന്റെ കർണാടക രാജ്യോൽസവ അവാർഡ് എന്നിവ ലഭിച്ചു. പല സർവകലാശാലകളും ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളുടെ ചലച്ചിത്ര പുരസ്കാരങ്ങൾ പല തവണ നേടിയിട്ടുണ്ട്. അമ്പതോളം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. കെ.ബാലചന്ദർ സംവിധാനം നിർവഹിച്ച മനതിൽ ഉറുതി വേണ്ടും എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും അരങ്ങേറ്റം കുറിച്ചു. തുടർന്നു വന്ന കേളടി കൺമണി ഏറെ ശ്രദ്ധേയമായിരുന്നു. മുദിനമാവ എന്ന കന്നഡ ചിത്രത്തിലെ പ്രധാന വേഷത്തിന് സംസ്‌ഥാന അവാർഡും ലഭിച്ചു.

മണ്ണിൽ ഇന്ത കാതൽ (കേളടി കൺമണി), ഇളയനിലാ പൊഴികിറതേ… (പയനങ്കൾ മുടിവതില്ലൈ), അരച്ച സന്ദനം (ചിന്നതമ്പി), കാട്ടുക്കുയില് മനസ്സുക്കുള്ളൈ (യേശുദാസിനൊപ്പം– ദളപതി), ശങ്കരാ നാദശരീരാ പരാ (ശങ്കരാഭരണം), ചന്ദിരനൈ തൊട്ടതു യാർ, നെഞ്ചേ നെഞ്ചേ (രക്ഷകൻ), മലരേ മൗനമാ (കർണാ), കാതൽ റോജാവേ (റോജാ), സുന്ദരി കണ്ണാൽ ഒരു സെയ്തി (ദളപതി) തുടങ്ങിയവയാണ് എസ്പിബിയുടെ പ്രശസ്ത ഗാനങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button