CinemaDeathEditor's ChoiceKerala NewsLatest NewsLocal NewsMovieMusicNationalNewsTech

നാദത്തെ ശരിരമാക്കിയ എസ് പി ബി


സംഗീതം തന്നെയായിരുന്നു എസ് പി ബി എന്ന മൂന്നക്ഷരം. നാദത്തെ ശരീരമാക്കി ഉപാസിച്ച 74 വർഷങ്ങൾ. ഒട്ടും നിനച്ചിരിക്കാത്ത നേരത്ത് സംഗീതം അ ശരീരത്തെ വിട്ടു പോയിരിക്കുന്നു. ശാസ്ത്രീയസംഗീതം പഠിക്കാതെ ഗായകനായി അമ്പത്തിനാല് വർഷം സംഗീത രംഗത്ത് നിലനിൽക്കുക. എത്രയൊക്കെ വിശേഷിപ്പിച്ചാലാണ് ഈ മൂന്നക്ഷരത്തെ പൂർണ്ണമായും ഉൾക്കൊള്ളാനാവുക. എസ് പി ബി ക്ക് പകരം എസ് പി ബി മാത്രം..

1946 ജൂൺ 4ന് തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ ഹരികഥ കലാകാരനായിരുന്ന എസ് പി സാംബമൂർത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി ആന്ധ്ര പ്രദേശിലെ നെല്ലോരിലാണ് എസ് പി ബി എന്നശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യത്തിന്റെജനനം. ഗായിക എസ് പി ശൈലജയെകൂടാതെ രണ്ടു സഹോദരങ്ങളും നാല് സഹോദരി
മാരുമുണ്ട്. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചില്ലെങ്കിലും അച്ഛൻ പാടുന്നത് കേട്ട് കുട്ടിക്കാലം തൊട്ടെ എസ് പി ബി യും സംഗീതത്തിൽ ആകൃഷ്ടനായി.മകൻ്റെ താൽപ്പര്യം കണ്ട അച്ഛൻ സംഗീതമത്സര
ങ്ങളിലും പങ്കെടുപ്പിച്ചു. ഇന്ത്യൻ സംഗീതം കണ്ട അത്ഭുതം പിറവിയെടുക്കുന്നത് അങ്ങിനെയാണ്.എഞ്ചിനീയറിംഗ് പഠനത്തിനായി ചെന്നൈ അനന്ത്പൂരിലെ ജെ എൻ ടി യു കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ചേർന്നുവെങ്കിലും ടൈഫോയ്ഡ് പിടിപെട്ട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയാ
യിരുന്നു. പക്ഷെ സംഗീതത്തെ കൈവിടാൻ അദ്ദേഹം തയ്യാറായില്ല. ഇളയരാജ അംഗമായിരുന്ന ലളിതസംഗീത ട്രൂപ്പിന്റെ നേതൃസ്ഥാനത്തെത്തിയതോടെ സംഗീതലോകത്ത് എസ് പി ബി എന്ന മൂന്നക്ഷരം കൂടുതൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയ
ത്. ഒരു യുഗത്തിൻ്റെ ആരംഭമായിരുന്നു അത്.

തെലുങ്ക് സംഗീതസംവിധായകൻ എസ്.പി.കോദണ്ഡപാണിയുടെ ശ്രീശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെ 1966ലാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് എം ജി ആർ, ജെമിനി ഗണേശൻ, ശിവാജി ഗണേശൻ, തുടങ്ങിയ മുൻനിരനായകന്മാർക്കുവേണ്ടി പാടി. പനി പിടിച്ച് കിടപ്പിലായാ ബാലസുബ്രമണ്യത്തിന് വേണ്ടി സാക്ഷാൽ എം ജി ആർ വരെ കാത്തിരുന്നു എന്നത് ചരിത്രം. കടൽപ്പാലം എന്ന ചിത്രത്തിനുവേണ്ടി ജി ദേവരാജന്റെ സംഗീതത്തിൽ ഈ കടലും മറുകടലും എന്ന ഗാനമാണ് അദ്ദേഹം മലയാളത്തിൽ ആദ്യമായി ആലപിച്ചത്.1980ൽ കെ വിശ്വനാഥ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ശങ്കരാഭരണത്തിലൂടെയാണ് എസ് പി ബിയുടെ ശബ്ദം രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചില്ലന്നിരിക്കെ, കർണാടക സംഗീതവുമായി വളരെ അടുത്ത് നിൽക്കുന്ന ചിത്രത്തിലെ ഓംകാരനാദാനു എന്ന ഗാനത്തിന് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചത് സംഗീതലോകത്തിനു തന്നെ വിസ്മയമായിരുന്നു. ‘ചിത്രത്തിലെ തന്നെ
ശങ്കരാ’ എന്നു തുടങ്ങുന്ന ഗാനവും അദ്ദേഹത്തി
ന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറി.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി പതിനാറു ഭാഷകളിലായി 40,000 ൽ അധികം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.ഇത്രയധികം ചലച്ചിത്രഗാനങ്ങൾ പാടിയ മറ്റൊരു ഗായകൻ ലോകത്തുണ്ടായിട്ടില്ല. ഏറ്റവുമധികം പാട്ടുകൾ റെക്കോർഡ് ചെയ്‌തതിന്റെ ഗിന്നസ് റെക്കോർഡ് എസ്.പി.ബാലസുബ്ര
ഹ്‌മണ്യത്തിന്റെ പേരിലാണ്. മലയാളത്തിലെ 122 ഗാനങ്ങൾക്കും അദ്ദേഹം ജീവൻ പകർന്നു. താരാപഥം ചേതോഹരം, പാൽ നിലാവിലെ പവനിതൾ പൂക്കളെ തുടങ്ങി മലയാളത്തിലും ഹിറ്റുകൾ നിരവധി.
നാലു ഭാഷകളിലായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ആറു തവണഅദ്ദേഹത്തെ തേടിയെത്തി. ശങ്കരാഭരണത്തിന് പുറമെ ഏക് ദുജേ കേലിയേ (ഹിന്ദി – 1981), സാഗര സംഗമം (തെലുങ്ക് – 1983), രുദ്രവീണ (തെലുങ്ക് – 1988), സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗാവയി (കന്നഡ – 1995), മിൻസാര കനവ് (തമിഴ് – 1996) എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും ദേശീയ അവാർഡ് ലഭിച്ചു.
ആനന്ദ്-മിലിന്ദ്, എം എസ് വിശ്വനാഥൻ, ഉപേന്ദ്രകുമാർ, ഇളയരാജ, കെ വി മഹാദേവൻ, തുടങ്ങിയ മുൻകാല സംഗീതസംവിധായകർ മുതൽ വിദ്യാസാഗർ, എം എം കീരവാണി, എ ആർ റഹ്മാൻ, തുടങ്ങിയ പുതുതലമുറയോ
ടൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഗായകന് പുറമെ മികച്ചൊരു ഡബിങ്ങ് ആർട്ടിസ്റ്റ് കൂടിയായിരുന്നു ബാലസുബ്രമ
ണ്യം.കെ. ബാലചന്ദറിന്റെ മന്മഥ ലീല എന്ന ചിത്രത്തിലൂടെയാണ് എസ്പിബി ഡബ്ബിംഗ് രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് ബാലസുബ്രഹ്മണ്യം എന്ന ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റത്തിൽ കമൽ ഹാസന് ശബ്ദം നൽകിയ എസ്പിബി തന്റെ ശബ്ദത്തെ സിനിമയുടെ വിവിധ തലങ്ങളിൽ ഉപയോഗപ്പെ
ടുത്തി.കമൽ ഹാസൻ, രജനീകാന്ത്, വിഷ്ണുവർദ്ധൻ, സൽമാൻ ഖാൻ, കെ. ഭാഗ്യരാജ്, മോഹൻ, അനിൽ കപൂർ, ഗിരീഷ് കർണാട്, ജെമിനി ഗണേശൻ, അർജുൻ സർജ, നാഗേഷ്, കാർത്തിക്, രഘുവരൻ എന്നിങ്ങനെ വിവിധ കലാകാരന്മാർക്ക് വേണ്ടി വിവിധ ഭാഷകളിൽ അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്.
തമിഴ് ചിത്രങ്ങളുടെ തെലുങ്ക് ഡബ്ബ് പതിപ്പുകളിൽ കമൽ ഹാസന്റെ സ്ഥിരം ഡബ്ബിംഗ് ആർട്ടിസ്റ്റായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ദശാവതാരം എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനായി, കമൽ ഹാസൻ അവതരിപ്പിച്ച പത്ത് കഥാപാത്രങ്ങളിൽ ഏഴ് കഥാപാത്രങ്ങൾക്ക് (ഒരു സ്ത്രീ കഥാപാത്രമടക്കം) അദ്ദേഹം ശബ്ദം നൽകി. ബെൻ കിംഗ്സ്ലിയുടെ ഗാന്ധി സിനിമയുടെ തെലുങ്ക് പതിപ്പിന് ശബ്ദം നൽകിയതും ബാലസുബ്രഹ്മണ്യം ആയിരുന്നു.
44 ഓളം ചിത്രങ്ങളിലും ഇദ്ദേഹം വേഷമിട്ടു.
കെ.ബാലചന്ദർ സംവിധാനം നിർവഹിച്ച മനതിൽ ഉറുതി വേണ്ടും എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും അരങ്ങേറ്റം കുറിച്ചു.എസ് പി ബി പാടി അഭിനയിച്ച ‘കേളടി കൺമണി’ എന്ന ചിത്രത്തിലെ ‘മണ്ണിൽ ഇന്ത കാതൽ’ തമിഴിലെ എക്കാലത്തെയും റൊമാന്റിക് ഹിറ്റുകളിൽ ഒന്നാണ്.അമ്പതോളം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.

റെക്കോർഡുകളുടെയും തോഴനായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ ഗാനങ്ങളുടെ ഗിന്നസിന് പുറമെ ഒരു ദിവസം ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചതിനും എസ്പിബിക്ക് റെക്കോർഡുണ്ട്. 12 മണിക്കൂറിനുള്ളിൽ 21 ഗാനങ്ങൾ ആലപിച്ചതിനാണ് റെക്കോർഡ്. ഉപേന്ദ്ര കുമാർ എന്ന കമ്പോസറിന് വേണ്ടിയായിരുന്നു എസ്പിബി ഇത്രയധികം ഗാനങ്ങൾ ഒരു ദിവസം ആലപിച്ചത്. ഇതിന് പുറമെ തമിഴിൽ ഒരു ദിവസം 19 ഗാനങ്ങളും ഹിന്ദിയിൽ ഒറ്റ ദിവസത്തിൽ 19 ഗാനങ്ങളും പാടിയിട്ടുണ്ട്.

2001 ൽ പത്മശ്രീയും 2011 ൽ പദ്‌മഭൂഷണും ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, കേരള സർക്കാരിന്റെ ഹരിവരാസനം പുരസ്കാരം, കർണാടക സർക്കാരിന്റെ കർണാടക രാജ്യോൽസവ അവാർഡ് എന്നിവ ലഭിച്ചു. പല സർവകലാശാലകളും ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളുടെ ചലച്ചിത്ര പുരസ്കാരങ്ങൾ പല തവണ നേടിയിട്ടുണ്ട്.

ഇളയനിലാ പൊഴികിറതേ… , അരച്ച സന്ദനം, കാട്ടുക്കുയില് മനസ്സുക്കുള്ളെ, ചന്ദിരനൈ തൊട്ടതു യാർ, നെഞ്ചേ നെഞ്ചേ, മലരേ മൗനമാ , കാതൽ റോജാവേ, സുന്ദരി കണ്ണാൽ ഒരു സെയ്തി അഞ്ജലി അഞ്ജലി തുടങ്ങി അനശ്വമായ എത്രയോ ഗാനങ്ങൾ.

ഒരു ഗായകനിൽ നിന്നും തികച്ചും വേറിട്ട ജീവിതരീതി കൂടിയായിരുന്നു എസ് പി ബി യുടെ ത്.പ്രത്യേകിച്ചും ശബ്ദം കാത്തുസൂക്ഷിക്കുന്നതിനുള്ള രീതികൾ. “തൊഴിൽ എനിക്കു ദൈവം പോലെ എന്നുവെച്ച് ജീവിതം എനിക്കു പ്രധാനമാണ്. ജീവിതത്തിൽ സാധാരണ മനുഷ്യരെപ്പോലെയാണ്. ഞാൻ ശബ്ദം സൂക്ഷിക്കാൻ പ്രത്യേകമായി ഒന്നും ചെയ്യാറില്ലെന്ന് ” അദേഹം പറയുമായിരുന്നു.
ഈ തൊഴിലും ജീവിതവും കൊണ്ട് ഞാൻ പൂർണസംതൃപ്തനാണ്. ഞാനിങ്ങനെ ചെയ്യുന്നതുകൊണ്ട് മറ്റു ഗായകരും ഇങ്ങനെ വേണമെന്ന അഭിപ്രായം എനിക്കില്ല. എന്നെ ഒരിക്കലും മാതൃകയാക്കണ്ട. എന്റേത് ഒരു പ്രത്യേകസൃഷ്ടിയാണെന്നു മാത്രം വിചാരിച്ചാൽ മതി.” ഒരു യുഗം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങുമ്പോൾ അന്വർത്ഥമാകുന്നതും ഈ വാക്കുകൾ തന്നെ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button