സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ കാര്‍ബണ്‍ ഫാക്ടറിയെന്ന കടയുടെ ഉദ്ഘാടനത്തിന് സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ പോയത് സ്പെഷ്യൽ ബ്രാഞ്ചിനെ പോലും അറിയിക്കാതെ.

സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ കാര്‍ബണ്‍ ഫാക്ടറിയെന്ന കടയുടെ ഉദ്ഘാടനത്തിൽ സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ പങ്കെടുത്ത നടപടി പാര്‍ട്ടിക്കുള്ളില്‍ ചർച്ചയാകുന്നതിനിടെ ഇത്തരം ഒരു പരിപാടിയിൽ പങ്കെടുക്കുന്നതായ വിവരം സ്പീക്കറുടെ ഓഫീസിൽ നിന്ന്
പോലീസ് സ്പെഷ്യൽ ബ്രാഞ്ചിന് പോലും നൽകിയില്ലെന്ന വിവരം കൂടി പുറത്ത് വരുന്നു. കട ഉദ്ഘാടനത്തിന് സ്പീക്കര്‍ പങ്കെടുക്കുന്നത് സ്പെഷ്യല്‍ ബ്രാഞ്ചിനെ പോലും അറിയിച്ചിരുന്നില്ല. മന്ത്രിമാർ, മുഖ്യമന്ത്രി, സ്പീക്കർ എന്നിവർ പങ്കെടുക്കുന്ന പരിപാടികൾ ഷെഡ്യൂൾ ചെയ്താലുടൻ ഇക്കാര്യം സ്പെഷ്യല്‍ ബ്രാഞ്ചിനെ അറിയിക്കുക എന്നത് കീഴ്വഴക്കവും, അത്യാവശ്യവുമാണ്. സ്പീക്കറെപ്പോലെയുള്ള വിശിഷ്ടാതിഥികളുടെ പോഗ്രാം വിവരങ്ങള്‍ അതാത് ഓഫീസുകള്‍ സ്പെഷ്യല്‍ ബ്രാഞ്ചിനെ അറിയിക്കുന്നതാണ്. പരിപാടികളില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെങ്കില്‍ സ്പെഷ്യല്‍ ബ്രാഞ്ച് പരിപാടിയിൽ പങ്കെടുക്കണമോ, വേണ്ടയോ എന്നതിനെ പറ്റി റിപ്പോര്‍ട്ട് നൽകാറുണ്ട്. സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ താൻ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്ന വിവരം മനഃപൂർവം രഹസ്യമായി സൂക്ഷിച്ചു എന്നാണു കണക്കാക്കേണ്ടത്.
അതേസമയം, സന്ദീപ് നായരുടെ ക്രിമിനല്‍ പശ്ചാത്തലവും ബിജെപി ബന്ധവും സിപിഎമ്മിന് നേരത്തെ തന്നെ അറിയാമായിരുന്നു. പാര്‍ട്ടി ഏരിയ സെക്രട്ടറിയുടെ പ്രതികരണം ഇത് ചൂണ്ടി കാട്ടുന്നുണ്ട്. സന്ദീപ് നായര്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന പ്രചാരണം നേരത്തെ തന്നെ നെടുമങ്ങാട് ഏരിയ കമ്മിറ്റി തള്ളിയിരുന്നതാണ്. നെടുമങ്ങാട് സ്വദേശിയായ സന്ദീപ് നായര്‍ ആദ്യ കാലം മുതലേ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളും വര്‍ഗീയ രാഷ്ടീയ പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുമാണെന്ന് ഏരിയാ സെക്രട്ടറി ആര് ജയദേവന് പറയുന്നു. സന്ദീപ് നായരുടെ കടയുടെ ഉദ്ഘാടനത്തിന്റെ നോട്ടീസില്‍ നഗരസഭാ ചെയര്മാന്, ഏരിയാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സിപിഐ മണ്ഡലം സെക്രട്ടറി എന്നിവരുടെ പേരുകൾ ഉണ്ടായിരുന്നു. എന്നാല്‍ ഇവരാരും ഉദ്ഘാടനത്തില്‍ പങ്കെടുത്തില്ല. അതിന് കാരണം പാര്‍ട്ടിയെ ശത്രു പക്ഷത്ത് നിര്‍ത്തി ആക്രമിച്ചിട്ടുള്ള ആളാണെന്ന ധാരണ ഉണ്ടായതുകൊണ്ടാണെന്നും ഏരിയ സെക്രട്ടറി പറഞ്ഞിരിക്കുന്നു. സ്പീക്കര്‍ ഉള്‍പ്പടെയുള്ളവര്‍ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പ്രാദേശിക നേതൃത്വത്തെ അറിയിക്കാറുള്ളതാണ്. എന്നാല്‍ സംദീപിന്റെ കടയുടെ കാര്യത്തിൽ അത് ഉണ്ടായില്ല.