മുംബൈയിൽ സിനിമ നിർമ്മാണ കമ്പനികളും വാക്സിൻ തട്ടിപ്പിന് ഇരയായെന്ന് സൂചന
മുംബൈ: നഗരത്തിലെ ചില പ്രമുഖ സിനിമ നിർമ്മാണ കമ്പനികളും വാക്സിൻ തട്ടിപ്പിന് ഇരയായെന്ന് സൂചന. ബോളിവുഡ് നിർമാതാവായ രമേഷ് തൗരണിയാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. തൗരണി ഉടമസ്ഥനായ ടിപ്സ് ഇൻഡസ്ട്രീസ് ലിമിറ്റഡിലെ 350 ജീവനക്കാർക്ക് മേയ് 30നും ജൂൺ മൂന്നിനും ഇടയിൽ വാക്സിൻ നൽകിയിരുന്നു. എന്നാൽ ഇവർക്ക് ഇതുവരെ വാക്സിൻ സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടില്ല.
വാക്സിൻ സർട്ടിഫിക്കറ്റിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. എന്റെ ഓഫീസിൽ നിന്നും അവരെ ബന്ധപ്പെട്ടപ്പോൾ ശനിയാഴ്ചക്കകം സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് അറിയിച്ചത്. വാക്സിന് ഡോസൊന്നിന് 1,200 രൂപ അവർ ചാർജ് ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മുംബൈയിലെ കാൻഡിവാലി മേഖലയിലെ ഹൗസിങ് സൊസൈറ്റിയായ ഹിരാനന്ദിന് ഹെറിറ്റേജ് റെസിഡൻറസ് വെൽഫയർ അസോസിയേഷനും സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു. സ്വകാര്യ ആശുപത്രിയുടെ സഹകരണത്തോടെ സൊസൈറ്റിയിൽ മേയ് 30ന് വാക്സിൻ ക്യാമ്ബ് സംഘടിപ്പിച്ചിരുന്നു. എന്നാൽ, വാക്സിൻ എടുത്തവർക്ക് കോവിൻ പോർട്ടലിൽ സർട്ടിഫിക്കറ്റ് ലഭ്യമായില്ലെന്നാണ് പരാതി.