മുതിർന്ന പൗരന്മാർക്കായി സർക്കാർ ആശുപത്രികളിൽ പ്രത്യേക ഒപി കൗണ്ടർ
സംസ്ഥാനത്തെ പ്രധാന സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഔട്ട്‌പേഷ്യന്റ് (ഒപി) കൗണ്ടർ സെപ്റ്റംബർ ഒന്നുമുതൽ പ്രവർത്തനം ആരംഭിക്കും. താലൂക്ക് ആശുപത്രികൾ, താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്സ് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലാണ് കൗണ്ടറുകൾ തുടങ്ങുന്നത്.
ഏപ്രിൽ മുതൽ സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും ഓൺലൈൻ ഒപി രജിസ്ട്രേഷൻ സംവിധാനം നടപ്പിലാക്കിയിരുന്നു. ക്യൂവിൽ നിൽക്കാതെ ആശുപത്രിയിൽ എത്തിയാൽ ക്യൂആർ കോഡ് സ്കാൻ ചെയ്ത് അപ്പോയിന്റ്‌മെന്റ് എടുക്കാൻ കഴിയുന്ന സംവിധാനവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇ-ഹെൽത്തിലൂടെയുള്ള ഓൺലൈൻ രജിസ്ട്രേഷൻ സേവനം പ്രയോജനപ്പെടുത്താൻ ബുദ്ധിമുട്ട് നേരിടുന്നത് കൂടുതലും മുതിർന്ന പൗരന്മാരാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. അതിനാലാണ് ഇവർക്കായി പ്രത്യേക ഒപി കൗണ്ടറുകൾ ഒരുക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതുസംബന്ധിച്ച കുറിപ്പ് മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂര്‍ണരൂപം:
കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ( താലൂക്, താലൂക് ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ലാ , ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ ) മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍.
സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും ഏപ്രില്‍ മാസം മുതല്‍ ഓണ്‍ലൈന്‍ ഒപി രജിസ്ട്രേഷന്‍ ആരംഭിച്ചിരുന്നു. ആശുപത്രിയില്‍ എത്തിയതിന് ശേഷം ക്യൂ നില്‍ക്കാതെ അപ്പോയ്ന്റ്‌മെന്റ് എടുക്കുന്നതിന് ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തു കൊണ്ടുള്ള സൗകര്യവും നടപ്പിലാക്കി തുടങ്ങി. ഇ ഹെല്‍ത്തിലൂടെയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സേവനം ഉപയോഗിക്കാന്‍ കഴിയാത്തവരില്‍ കൂടുതല്‍ മുതിര്‍ന്ന പൗരന്മാരാണ്. അത് കൊണ്ട് കൂടിയാണ് അവര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍ എല്ലാ പ്രധാന ആശുപത്രികളിലും സജ്ജമാക്കുന്നത്.
Tag: Special OP counters for senior citizens in government hospitals