റഷ്യയുടെ സ്‌പുട്‌നിക്ക് 5 വാക്‌സിന് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി
ന്യൂഡല്‍ഹി: റഷ്യ വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിനായ സ്‌പുട്‌നിക്ക് 5ന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. കൊവിഷീല്‍ഡിനും കൊവാക്‌സിനും പുറമെ രാജ്യത്ത് അംഗീകാരം ലഭിക്കുന്ന മൂന്നാമത് വാക്‌സിനാണ് സ്‌പുട്‌നിക്ക്. ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. റെഡ്‌ഡീസ് ലബോറട്ടറിയാണ്.
കഴിഞ്ഞ സെപ്‌തംബറിലാണ് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്‌റ്റ്‌മെന്റ് ഫണ്ട് (ആര്‍.ഡി.ഐ.എഫ്) ഡോ.റെഡ്‌ഡീസുമായി സഹകരിച്ച് സ്‌പുട്‌നിക്ക് വാക്‌സിന്റെ പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചത്. മൂന്നാംഘട്ട പരീക്ഷണത്തില്‍ ഇന്ത്യ, വെനസ്വല, ബെലാറസ്, യുഎഇ എന്നിവിടങ്ങളില്‍ 91.6 ശതമാനം കാര്യക്ഷമതയാണ് വാക്‌സിന്‍ പ്രകടിപ്പിച്ചത്.
ഡോ.റെഡ്‌ഡീസിന് പുറമെ വിര്‍ചൗ ബയോടെക് ലിമിറ്റഡുമായി 200 മില്യണ്‍ ഡോസുകള്‍ക്ക് വേണ്ടിയും സ്‌റ്റെലിസ് ബയോഫാര്‍മ, പനാസിയ ബയോടെക് എന്നിവരുമായും 200 മില്യണ്‍, 100 മില്യണ്‍ ഡോസുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്യാനും ആര്‍.ഡി.ഐ.എഫ് കരാറിലേര്‍പ്പെട്ടിട്ടുണ്ട്.