Kerala NewsLatest NewsUncategorized

ശ്രീധരൻ ഓഫീസ് തുറക്കുന്നത് നല്ലതാണ്, റെയിൽവെയുടെ പുതിയ പല പ്രോജക്ടുകളും പാലക്കാട് വരുന്നുണ്ട്; പരിഹാസവുമായി ശ്രീകണ്ഠൻ എം.പി

പാലക്കാട്: എം.എൽ.എ ഓഫീസ് തുറന്നെന്ന എൻ.ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇ.ശ്രീധരന്റെ പ്രസ്താവനയെ പരിഹസിച്ച്‌ വി.കെ ശ്രീകണ്ഠൻ എം.പി. ശ്രീധരൻ ഓഫീസ് തുറക്കുന്നത് നല്ലതാണ്. കാരണം റെയിൽവെയുടെ പുതിയ പല പ്രോജക്ടുകളും പാലക്കാട് വരുന്നുണ്ട്. അതിന് നേതൃത്വം കൊടുക്കാൻ വേണ്ടി ഓഫീസ് ആവശ്യമാണ്. നിയമസഭാ സാമാജികന്റെ ഓഫീസ് ഷാഫി പറമ്പിൽ നിലനിർത്തുമെന്നും ശ്രീകണ്ഠൻ പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിയപ്പെടുന്ന ഒരാളെന്ന നിലയിൽ പ്രചാരണത്തിലൊക്കെ ശ്രീധരൻ മുമ്പന്തിയിൽ വന്നിട്ടുണ്ടാകാം. എന്നാൽ വോട്ടിന്റെ കാര്യത്തിൽ ചോർച്ച സംഭവിക്കാനുള്ള സാഹചര്യമില്ലെന്നും ശ്രീകണ്ഠൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ബി.ജെ.പിയിൽ തുടരുമെന്നായിരുന്നു ഇ.ശ്രീധരൻറെ പ്രസ്താവന. എന്നാൽ സജീവ രാഷ്ട്രീയത്തിലുണ്ടാവില്ല. പാർട്ടിക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഗൈഡൻസ് നൽകും. പാലക്കാട് വീടും എം.എൽ.എ ഓഫീസും എടുത്തു, ജയിച്ചാലും തോറ്റാലും പാലക്കാട് ഉണ്ടാകുമെന്നും ശ്രീധരൻ വ്യക്തമാക്കിയിരുന്നു.

അതേസമയം എ. വി ഗോപിനാഥിനെ വിമർശിച്ചും ശ്രീകണ്ഠൻ രംഗത്ത് എത്തി. ഏതെങ്കിലും ഒരാൾ വിളിച്ചു കൂവിയാൽ ഇവിടെ പ്രശ്‌നമാണെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ശ്രീകണ്ഠൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് ചില ആളുകൾ പാർട്ടിക്കെതിരെ ഗൂഢാലോചന നടത്തി. പാർട്ടിക്ക് വെല്ലുവിളി ഉയർത്തുന്നത് യഥാർത്ഥ കോൺഗ്രസ് പ്രവർത്തകന് ചേരുന്ന നടപടിയല്ല. കോൺഗ്രസിന് പുറത്തുള്ളവരാണ് പാർട്ടിയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നത്. അവരുടെ കൈയിലെ ചട്ടുകമായി ചിലർ മാറി. ഇവരുടെയൊക്കെ പൂർവകാല ചരിത്രം നോക്കിയാൽ പാർട്ടിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് കാണാം. ഓരോ ആളുകൾ വരുമ്ബോഴും അവരെ തകർക്കാനാണ് ശ്രമമെന്നും വി. കെ ശ്രീകണ്ഠൻ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button