Kerala NewsLatest NewsPolitics

അക്കാലത്ത് താനൊരു മണ്ടനായിരുന്നു, ആര്‍എസ്എസ് ശാഖയില്‍ പോയിട്ടില്ലെന്ന് ശ്രീനിവാസന്‍

കൊച്ചി: താന്‍ ആര്‍എസ്‌എസ് ശാഖയില്‍ പോയിട്ടില്ലെന്ന് നടന്‍ ശ്രീനിവാസന്‍. പഠിക്കുന്ന കാലത്ത് എബിവിപി പ്രവര്‍ത്തകനായിരുന്നുവെന്ന് പി ജയരാജന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കിയതാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. വി പ്രഭാകരന്‍ എഴുതിയതിനെ തളളിയായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.

‘മട്ടന്നൂര്‍ കോളെജില്‍ പഠിക്കുന്ന കാലത്ത് താനടക്കം ആര്‍ക്കും രാഷ്ടീയത്തിന്റെ മണ്ണാങ്കട്ട അറിയില്ല. അക്കാലത്ത് താനൊരു മണ്ടനായിരുന്നു. കൂട്ടുകാര്‍ പറയുന്നതിനനുസരിച്ച്‌ ചാടികളിച്ച കാലമാണിത്. ഇഷ്ടമുള്ള ആളുകള്‍ കെഎസ്‌യുവില്‍ ഉണ്ടായിരുന്നു. അപ്പോള്‍ അവരോടൊപ്പം കെഎസ്‌യുക്കാരനായി.

അതുപോലെ എസ്‌എഫ്‌ഐ, എബിവിപി തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളിലും പോയി. അതെല്ലാം ഭയങ്കര രാഷ്ട്രീയമാണെന്ന് പറയുന്നവര്‍ക്ക് വട്ടാണ്. അഴിമതിക്കുള്ള പ്ലാറ്റ്‌ഫോമാണ് ഇന്നത്തെ രാഷ്ട്രീയം. പാര്‍ട്ടി അനുഭാവികള്‍ക്ക് സര്‍ക്കാര്‍ ജോലി കൊടുക്കുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ പ്രവര്‍ത്തനം.’ ശ്രീനിവാസന്‍ പറഞ്ഞു.

1968 ല്‍ മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്‌എസ് കോളെജില്‍ പഠിക്കുന്ന കാലത്ത് ശ്രീനിവാസന്‍ ശാഖയിലേക്ക് പോയിരുന്നുവെന്നാണ് ‘അംബേദ്കറൈറ്റ് മുസ്ലീം ജീവിതം പോരാട്ടം’ എന്ന പുസ്തകത്തില്‍ വി പ്രഭാകരന്‍ എഴുതിയത്. അന്ന് ആര്‍എസ്‌എസ് നിശബ്ദ പ്രവര്‍ത്തനമായിരുന്നുവെന്നും ബന്ധുവീട്ടില്‍ തങ്ങിയാണ് ശാഖയില്‍ പോയതെന്നും പ്രഭാകരനന്‍ പുസ്തകത്തില്‍ പറയുന്നു.

ശ്രീനിവാസന്‍ കൃത്യമായി രാഷ്ട്രീയം മനസിലാക്കുന്ന വ്യക്തിയല്ല, ചാഞ്ചാട്ടക്കാരനാണെന്നായിരുന്നു പി ജയരാജന്റെ വിമര്‍ശനം. ഇതിന് മറുപടിയായി ‘അല്‍പം പോലും ബുദ്ധിയില്ലാത്ത സമയത്ത് ഞാന്‍ എസ്‌എഫ്‌ഐയോട് ആഭിമുഖ്യമുള്ള ആളായിരുന്നു. കുറച്ച്‌ കൂടി ബുദ്ധി വെച്ചപ്പോള്‍ കെഎസ്യുക്കാരനായി. അല്‍പം കൂടി ബുദ്ധി വെച്ചപ്പോള്‍ എബിവിപിക്കാരനായി. സാമാന്യ ബുദ്ധി വെച്ചപ്പോള്‍ ട്വന്റി ട്വന്റിക്കാരനായി. എനിക്ക് തോന്നിയാല്‍ ഇവിടെ നിന്നും മാറും. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച്‌ ഒരാള്‍ക്ക് എത്ര പാര്‍ട്ടിയിലും ചേരാം. ഇതെല്ലാം താല്‍ക്കാലികമാണ്. വേണമെങ്കില്‍ ഇനിയും മാറാനുള്ള മുന്നൊരുക്കമെന്നു പറയാം.’ ശ്രീനിവാസന്റെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button