ഡോക്ടറുടെ എംബ്ലം കാറിൽ ഒട്ടിച്ച് മയക്കുമരുന്ന് കടത്തിയ രണ്ട് പേർ പിടിയിൽ

തൃശ്ശൂർ; കാറിൽ കടത്തിക്കൊണ്ടു വന്ന മയക്കു മരുന്നുമായി രണ്ടു പേരെ എക്സൈസ് പിടികൂടി. പെരുമ്പാവൂർ സ്വദേശികളായ വെങ്ങോല കൊപ്പറമ്പിൽ അൻഷാദ് (27), മുടിക്കൽ കുടുംബത്തുകൂടി സിൻഷാദ് (25) എന്നിവരാണ് അറസ്റ്റിലായത്. lതൃശ്ശൂർ കുതിരാനിൽ വെച്ചാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്നും ലക്ഷക്കണക്കിന് രൂപ വിലവരുന്ന എം.ഡി.എം.എ ലഹരിമരുന്നാണ് പിടികൂടിയത്. സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപ്പെടുന്ന ലഹരിവസ്തു മോളി, എക്സ്, എക്സ്റ്റസി, എം.ഡി.എം.എ എന്ന വിളിപ്പേരുകളിലും അറിയപ്പെടും.
ബാംഗ്ലൂരിൽ നിന്നും മയക്കു മരുന്നു എത്തിച്ച് തൃശൂർ, പെരുമ്പാവൂർ, ആലുവ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നവരാണ് ഇരുവരുമെന്ന് എക്സൈസ് വ്യക്തമാക്കി. ആഡംബര കാറിൽ വൻതോതിൽ ലഹരി കടത്തുന്നതായി മധ്യമേഖലാ ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. രസസ്യവിവരം ലഭിച്ചതനുസരിച്ച് എക്സൈസ് ഇന്റലിജൻസ് പാർട്ടി ഒരു മാസത്തോളം അന്വേഷണവും, നിരീക്ഷണവും നടത്തിയാണ് ഇവരെ പിടികൂടിയത്. കോവിഡ് കാലമായതിനാൽ
പരിശോധന ഒഴിവാക്കാൻ ഡോക്ടറുടെ എംബ്ലം പതിപ്പിച്ച ആഡംബര വാഹനത്തിലാണ് ലഹരിമരുന്ന് കടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ ശ്രമിച്ച എക്സൈസ് സംഘത്തെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച പ്രതികളെ അതിസാഹസികമായാണ് പിന്തുടർന്ന് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു