‘ആദ്യം തൊട്ടടുത്തുള്ള അത്യാവശ്യക്കാര്‍ക്ക്, അതിനുശേഷം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും’: ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചുറ്റിലുമുള്ള ആളുകളില്‍ കടുത്ത സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സഹായമേകാന്‍ താരം ആഹ്വാനം ചെയ്തത്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോവിഡ് ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിനു മുന്‍പ്, തൊട്ടടുത്ത് സഹായം ആവശ്യമുള്ളവരുണ്ടോയെന്ന് അന്വേഷിച്ച് സഹായം ഉറപ്പാക്കാന്‍ ശ്രീശാന്ത് അഭ്യര്‍ത്ഥിച്ചു.
”പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിനു മുന്‍പ്, ചുറ്റിലുമൊന്ന് കണ്ണോടിക്കുക. നിങ്ങളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ജോലിക്കാര്‍ക്കോ ഈ പോരാട്ടത്തില്‍ സാമ്ബത്തിക സഹായം ആവശ്യമാണോയെന്ന് നോക്കുക. ആദ്യം അവരെ കരുത്തരാക്കുക. കാരണം അവരിലേക്ക് എളുപ്പം എത്താനാകുക നിങ്ങള്‍ക്കാണ്, മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ അല്ല” – ഫേസ്ബുക്കില്‍ എസ് ശ്രീശാന്ത് കുറിച്ചു.
ഇതിനകം ഒട്ടേറെപ്പേരാണ് ശ്രീശാന്തിന്റെ നിര്‍ദ്ദേശത്തെ അംഗീകരിച്ച് രംഗത്തെത്തിയത്. ഇരുപതിനായിരത്തില്‍ അധികം പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. മൂവായിരത്തിലേറെ പേര്‍ അദ്ദേഹം പങ്കുവച്ച കാര്‍ഡ് ഷെയറും ചെയ്തിട്ടുണ്ട്.
ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിയത് മാസങ്ങള്‍ക്ക് മുന്‍പുമാത്രമാണ്. സയിദ് മുഷ്‌താഖ് അലി ട്രോഫിക്കായുള്ള കേരള ടീമില്‍ ശ്രീശാന്ത് ഇടംപിടിച്ചിരുന്നു. ഐപിഎല്ലില്‍ 2013 സീസണിലാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളുടെയും ഭാഗമായിരുന്നു ശ്രീശാന്ത്. നീലകുപ്പായത്തില്‍ 53 ഏകദിന മത്സരങ്ങളും 10 ടി20 മത്സരങ്ങളും കളിച്ച താരം 27 ടെസ്റ്റുകളിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2007ല്‍ ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടുമ്ബോഴും 2011ല്‍ 28 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ രണ്ടാമത് ഏകദിന ലോകകപ്പ് നേടുമ്ബോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. 2011 ഓഗസ്റ്റിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.