ശ്രീലങ്ക സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക്
കൊളംബോ: രണ്ടുവര്‍ഷത്തോളമായി ലോകമാകമാനം കൊറോണ വൈറസ് താണ്ഡവമാടുകയാണ്. ഈ താണ്ഡവത്തില്‍ പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥ തകര്‍ന്നു തരിപ്പണമായി. ലോകത്തിലെ മിക്ക ജനങ്ങളും അഷ്ടിക്കുവകയില്ലാതെ തെരുവില്‍ അലയുന്നത് പതിവുകാഴ്ചയായി. നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.
ഇപ്പോള്‍ ശ്രീലങ്ക കടുത്ത സാമ്പത്തിക ദുരിതത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് മുതലെടുക്കാന്‍ ചൈന പരമാവധി ശ്രമിക്കുമെന്ന് വിദേശകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീലങ്കയ്ക്ക് വന്‍തോതില്‍ വായ്പ നല്‍കി അവിടെ താവളമുറപ്പിക്കാന്‍ ചൈന കാര്യമായി ശ്രമിക്കുന്നുണ്ട്. ലങ്കയില്‍ സാമ്പത്തിക ബുദ്ധിമുട്ട് ഇനിയും രൂക്ഷമായാല്‍ തങ്ങളുടെ പലിശക്കണക്ക് പറഞ്ഞ് ചൈന അവിടം പിടിച്ചെടുത്തേക്കാനും സാധ്യതയുണ്ട്.
സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായുണ്ടായ ഭക്ഷ്യപ്രതിസന്ധി രൂക്ഷമായതോടെ ഭക്ഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡന്റ് ഗോട്ടാഭയ രാജപക്‌സെ. വ്യാപാരികളുടെയും ചില്ലറ വില്‍പനക്കാരുടെയും കൈയിലുള്ള ഭക്ഷ്യശേഖരം പിടിച്ചെടുക്കാനും അതിന്റെ വില നിയന്ത്രിക്കാനുമുള്ള അധികാരത്തോടെ ഒരു റിട്ട. സൈനിക ജനറലിനെ അവശ്യസേവന കമ്മീഷണറായി അദ്ദേഹം നിയമിച്ചിട്ടുമുണ്ട്. അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങിയ അത്യാവശ്യവസ്തുക്കള്‍ പോലും കിട്ടാനില്ലാതെ നട്ടംതിരിയുകയാണ് ജനങ്ങള്‍.
കോവിഡ് കാലത്ത് സര്‍ക്കാരെടുത്ത തീരുമാനങ്ങള്‍ തീര്‍ത്തും പാളിപ്പോയതാണ് രാജ്യത്തെ ഈ അവസ്ഥയിലേക്കു തള്ളിവിട്ടത്. ഒപ്പം ചൈനയില്‍നിന്നെടുത്ത വായ്പകളും കുരുക്കായി. വരുമാനത്തിന്റെ എണ്‍പതു ശതമാനത്തിലേറെയാണ് പലിശയിനത്തില്‍ തിരിച്ചടയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കയിലെ വിമാനത്താവളം അടക്കമുള്ളവയുടെ നടത്തിപ്പ് ചൈന ഏറ്റെടുത്തിട്ടുണ്ട്. വിദേശനാണ്യശേഖരമാവട്ടെ ഗണ്യമായി കുറഞ്ഞു. രണ്ടു മാസത്തേക്കുള്ള ഇറക്കുമതിക്കു മാത്രമേ ഇതുതികയൂ എന്ന് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ടൂറിസമാണ് ശ്രീലങ്കയുടെ സാമ്പത്തികസ്ഥിതിയുടെ നട്ടെല്ല്. കോവിഡ് വന്നതോടെ ടൂറിസം മേഖല തകര്‍ന്നടിഞ്ഞു. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു മുഖ്യകാരണം. രാജ്യത്തേക്കുള്ള യാത്രാവിലക്കുകള്‍ നീക്കാന്‍ തുടങ്ങിയെങ്കിലും കോവിഡും മറ്റു പല സുരക്ഷാ കാരണങ്ങളും നിമിത്തം ടൂറിസ്റ്റുകളുടെ വരവ് കുറവാണ്. അതിനിടെയാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ശ്രീലങ്കയുടെ ഗവര്‍ണര്‍ വെലി ഗാമേജ് ഡോണ്‍ ലക്ഷ്മണിന്റെ രാജി പ്രഖ്യാപനം. 2019 ഡിസംബറിലാണ് അദ്ദേഹം ചുമതലയേറ്റത്. സര്‍ക്കാരിനാവട്ടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കണ്ടെത്താനായിട്ടുമില്ല.
രാജിതീരുമാനം പെട്ടെന്നെടുത്തതല്ലെന്ന് ലക്ഷ്മണ്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസമാണ് രാജിക്കു കാരണമെന്ന് കരുതുന്നു. രാജ്യം വിദേശക്കടത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ അന്താരാഷ്ട്ര നാണയനിധിയുടെ സഹായം തേടണമെന്നാണ് ലക്ഷ്മണിന്റെ അഭിപ്രായം. എന്നാല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇതു നിരസിച്ചു. സര്‍ക്കാരിനു ചൈനയോടാണ് ഇപ്പോഴും ആഭിമുഖ്യം.
പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രബാങ്ക് വായ്പാപലിശ അടുത്തകാലത്ത് കൂട്ടി. ഇത് ജനങ്ങള്‍ക്കു കൂനിന്മേല്‍ കുരുവായി. ശ്രീലങ്കന്‍ രൂപയുടെ വിനിമയമൂല്യം അനുദിനം കുത്തനെ ഇടിയുകയാണ്. ശ്രീലങ്കന്‍ രൂപയുടെ മൂല്യം ഈവര്‍ഷം ഇതുവരെ എട്ടുശതമാനമാണ് ഇടിഞ്ഞത്.
ഏറ്റവും അടിസ്ഥാന ഭക്ഷ്യവസ്തുക്കള്‍ പോലും ഇറക്കുമതി ചെയ്യേണ്ട അവസ്ഥയായതിനാല്‍ രൂപയുടെ വിലയിടിവിനൊപ്പം വിലക്കയറ്റവുമുണ്ടായി. ഇന്ത്യയില്‍ നിന്നു 320-350 കോടി ഡോളറിന്റെ ഇറക്കുമതിയുണ്ട്. ഭക്ഷ്യഅടിയന്തരാവസ്ഥയും സാമ്പത്തികക്കുഴപ്പങ്ങളും സൈന്യത്തെ പ്രകോപിപ്പിച്ചേക്കുമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന മുന്നറിയിപ്പു നല്‍കി. എന്തായാലും ശ്രീലങ്കന്‍ ജനത ഇപ്പോള്‍ കടുത്ത സമ്മര്‍ദത്തിലാണ് ജീവിക്കുന്നത്.