indiaLatest NewsNationalNews

വിജയ്യുടെ കച്ചത്തീവ് തിരിച്ചുപിടിക്കണമെന്ന പരാമർശത്തിന് പിന്നാലെ അപ്രതീക്ഷിത നീക്കവുമായി ശ്രീലങ്കൻ പ്രസിഡന്റ്

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് കച്ചത്തീവ് തിരിച്ചുപിടിക്കണമെന്ന പരാമർശം നടത്തിയതിന് പിന്നാലെ, അപ്രതീക്ഷിത നീക്കവുമായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ. മുൻകൂട്ടി അറിയിപ്പുകളൊന്നുമില്ലാതെ നാവികസേനയുടെ സ്പീഡ് ബോട്ടിൽ എത്തിയ ദിസനായകെ, ഇന്നലെ നേരിട്ട് കച്ചത്തീവ് സന്ദർശിച്ചു. രാജ്യത്തിന്റെ കടലും ദ്വീപുകളും ഉറച്ചുനിന്ന് സംരക്ഷിക്കുമെന്നും ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും സന്ദർശനത്തിനിടെ അദ്ദേഹം വ്യക്തമാക്കി.

യുദ്ധബാധിത മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി ജാഫ്‌നയിലെ മിലിഡി ഹാർബറിലെ വിപുലീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷമാണ് ദിസനായകെ കച്ചത്തീവിൽ എത്തിയത്. കടലും ദ്വീപുകളും സംരക്ഷിക്കുകയും അതിന്റെ ഗുണഫലങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ ഒരു ശ്രീലങ്കൻ പ്രസിഡന്റും കച്ചത്തീവ് സന്ദർശിച്ചിട്ടില്ലാത്തതിനാൽ, ദിസനായകെയുടെ ഈ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യം ലഭിച്ചിരിക്കുകയാണ്.

ചില ദിവസങ്ങൾക്ക് മുൻപ് മധുരയിൽ നടന്ന തമിഴക വെട്രി കഴകം റാലിയിലാണ് വിജയ് കച്ചത്തീവിനെക്കുറിച്ച് പരാമർശിച്ചത്. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന ആക്രമിക്കുന്നുവെന്ന ആരോപണവുമായി വിജയ് രംഗത്തെത്തി. എണ്ണൂറോളം മത്സ്യത്തൊഴിലാളികൾ ആക്രമണത്തിനിരയായിട്ടുണ്ടെന്നും, അവരുടെ സുരക്ഷ കണക്കിലെടുത്ത് കച്ചത്തീവ് തിരികെ നേടണമെന്നും വിജയ് ആവശ്യപ്പെട്ടു.

വിജയ് നടത്തിയ പരാമർശത്തിനെതിരെ ശ്രീലങ്കൻ വിദേശകാര്യമന്ത്രി വിജിത ഹെറാത്ത് കടുത്ത പ്രതികരണവുമായി രംഗത്തെത്തി. വിജയ് പറഞ്ഞത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നിലപാടാണെന്നും, കച്ചത്തീവ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ തീരത്തുനിന്ന് 33 കിലോമീറ്റർ അകലെയുള്ള രാമേശ്വരത്തിന് വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന കച്ചത്തീവ് ഏകദേശം 285 ഏക്കർ വിസ്തൃതിയുള്ള, ജനവാസമില്ലാത്ത ഒരു ദ്വീപാണ്. ദ്വീപിന്റെ നീളം 1.6 കിലോമീറ്ററാണ്. 1974ലെ ഉഭയകക്ഷി കരാർ പ്രകാരമാണ് കച്ചത്തീവ് ശ്രീലങ്കയുടെ ഭാഗമായി അംഗീകരിച്ചത്. സമീപകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വീണ്ടും കച്ചത്തീവ് വിഷയമുയർത്തിയത്. “കോൺഗ്രസ് നിസാരമായി കച്ചത്തീവിനെ വിട്ടുകൊടുത്തു” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നോടിയായിട്ടാണ് മോദി പ്രസ്താവന നടത്തിയത്. കോൺഗ്രസ് ഇതിനെതിരെ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

Tag: Sri Lankan President makes unexpected move after Vijay’s remark to reclaim Katchatheev

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button