ചെന്നൈയില്‍ നിന്ന് തട്ടിക്കൊണ്ടു പോയെന്ന് മരണമൊഴി, മോചന ദ്രവ്യം സൂരജിന്റെ കടം തീര്‍ക്കാനുള്ള നാടകമോ;ആത്മഹത്യയെന്ന് സൂചന

പാല്‍ഘര്‍: ചെന്നൈ വിമാനത്താവളത്തിന് പുറത്തുവച്ച് തന്നെ തട്ടികൊണ്ടു പോയെന്ന നാവിക സേന ഉദ്യോഗസ്ഥന്‍ സൂരജ്കുമാര്‍ ദുബെയുടെ മരണമൊഴിയില്‍ ദുരൂഹതയെന്ന് പൊലീസ്. ജനുവരി 30ന് രാത്രി 12ന് ചെന്നൈ വിമാനത്താവളത്തിന് പുറത്ത് സൂരജ് സ്വതന്ത്രനായി നടക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ചതായി അവകാശപ്പെട്ട വെള്ള എസ്.യു.വി ദൃശ്യങ്ങളിലില്ല.
മാത്രമല്ല 31ന് ചെന്നൈയിലെ എ.ടി.എമ്മില്‍ നിന്ന് 5,000 രൂപയും പിന്‍വലിച്ചിട്ടുണ്ട്. രാത്രി 9.30 ന് വിമാനത്താവളത്തിന് പുറത്തു കടന്നതും മൂന്ന് പേര്‍ തന്നെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയെന്നാണ് സൂരജിന്റെ മരണമൊഴി. വെള്ള എസ്.യു.വിയിലാണ് തട്ടികൊണ്ടുപോയതെന്നും മൂന്ന് ദിവസം ചെന്നൈയില്‍ കഴിഞ്ഞ ശേഷം മഹാരാഷ്ട്രയിലെ പാല്‍ഘറിലുള്ള വനമേഖലയില്‍ കൊണ്ടുവന്നെന്നും ആവശ്യപ്പെട്ട 10 ലക്ഷം രൂപ നല്‍കാത്തതിനെ തുടര്‍ന്ന് തീയിട്ടെന്നുമാണ് മരിക്കുന്നതിന് തൊട്ടു മുമ്പ്് സൂരജ് പൊലീസിനോട് പറഞ്ഞത്.
ചെന്നൈയില്‍ നിന്ന് പാല്‍ഘറിലേക്ക് 1500 ഓളം കിലോമീറ്റര്‍ ദൂരമുണ്ട്. സൂരജ് എങ്ങനെ പാല്‍ഘറിലെത്തിയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 10 അംഗങ്ങള്‍ വീതമുള്ള 10 സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. മൊഴിയും സി.സി.ടി.വി ദൃശ്യങ്ങളും തമ്മിലെ വൈരുദ്ധ്യം ദുരൂഹതയേറ്റുന്നു. അതേസമയം ഇയാള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ ആത്മഹത്യാ സാധ്യതയും പരിശോധിക്കുന്നുണ്ട്. 22.75 ലക്ഷം രൂപ കടമെടുത്ത് സൂരജ് ഓഹരി വിപണിയിലെ ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതുസംബന്ധിച്ച് ഭോപ്പാലിലെയും മുംബയിലെയും ബ്രോക്കര്‍ കമ്പനികളില്‍ നിന്ന് വിവരം ശേഖരിക്കുന്നു. ഈ കമ്പനികള്‍ വഴിയാണ് സൂരജ് ഊഹക്കച്ചവടത്തിന് പണമിറക്കിയത്. സൂരജ് ആറു ലക്ഷം രൂപ കടം വാങ്ങിയ സഹപ്രവര്‍ത്തകനെയും പൊലീസ് ചോദ്യം ചെയ്തു. കൊല്ലപ്പെടുന്നതിന് മുമ്പ് നിരന്തരം സൂരജിനെ ഇയാള്‍ ഫോണില്‍ വിളിച്ചതായി തെളിവുണ്ട്. സൂരജിന്റെ കുടുംബവും ബി.ജെ.പിയും കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു.