വാഷിങ്ടണ്‍: കോവിഡ് മഹാമാരി ഇന്ത്യയെ തകര്‍ത്ത് കളഞ്ഞെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകരാജ്യങ്ങളില്‍ കോവിഡ് വ്യാപനത്തിന് ഉത്തരവാദികളായ ചൈന യുഎസിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലോകത്തിന് നഷ്ടപരിഹാരമായി ചൈന നല്‍കേണ്ടത് ഇതില്‍ കൂടുതലാണ്. എന്നാല്‍ ഇത്രയേ അവര്‍ക്ക് നല്‍കാനാവൂ. നോക്കൂ, അവര്‍ ചെയ്ത കാര്യങ്ങള്‍ വിവിധ രാജ്യങ്ങളെ നശിപ്പിച്ചു. ഞാന്‍ അത് ആകസ്മികമായി സംഭവിച്ചതാണെന്ന് പ്രതീക്ഷിക്കുന്നു.’ ട്രംപ് പ്രതികരിച്ചു .
‘ആക്സ്മികമാണെങ്കിലും അല്ലെങ്കിലും കോവിഡ് 19 തകര്‍ത്ത രാജ്യങ്ങള്‍ ഒരിക്കലും പഴയതുപോലെയാകില്ല. നമ്മുടെ രാജ്യത്തെ വളരെ മോശമായാണ് കോവിഡ് മഹാമാരി ബാധിച്ചത്. എന്നാല്‍ മറ്റുരാജ്യങ്ങളെ അതിലേറെ മോശമായാണ് കോവിഡ് ബാധിച്ചത്. ഇന്ത്യയില്‍ എന്താണ് നടക്കുന്നത് നോക്കൂ. നിങ്ങള്‍ക്കറിയാമോ അവര്‍ എല്ലായ്‌പ്പോഴും പറയാറുണ്ടായിരുന്നു ഇന്ത്യ എത്ര നന്നായാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് നോക്കൂവെന്ന് കാരണം അവര്‍ക്ക് ഒഴിവുകഴിവുകള്‍ വേണമായിരുന്നു. എന്നാല്‍ ഇന്ത്യ ഇപ്പോള്‍ തകര്‍ന്നുപോയിരിക്കുകയാണ്, എല്ലാ രാജ്യങ്ങളും തകര്‍ന്നടിഞ്ഞിരിക്കുകയാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കൊറോണ വൈറസ് എവിടെ നിന്നാണ് വന്നത്, എങ്ങനെയാണ് എന്നതിനെ കുറിച്ച് കണ്ടെത്തേണ്ടത് പ്രധാനമാണെന്ന് താന്‍ കരുതുന്നതെന്നും ട്രംപ് പറഞ്ഞു. തനിക്കതറിയാം എന്നും കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് വേഗത്തില്‍ മടങ്ങിവരുന്ന രണ്ട് സാമ്ബത്തിക ശക്തികളിലൊന്നായ ചൈന തീര്‍ച്ചയായും സഹായ ഹസ്തം നീട്ടേണ്ടതുണ്ടെന്നും ട്രംപ് ആവശ്യപ്പെട്ടു.
2019-ല്‍ ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്നാണ് കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതാണ് വൈറസ് എന്ന് തുടക്കത്തില്‍ തന്നെ ട്രംപ് ആരോപിച്ചിരുന്നു.