ലോകവ്യാപകമായി സ്റ്റാർലിങ്ക് സേവനം തകരാറില്‍; പരാതി പറഞ്ഞ് ഉപയോക്താക്കൾ; സേവനം പുനസ്ഥാപിച്ചത് 2.5 മണിക്കൂറിന് ശേഷം

സ്പേസ് എക്‌സിന്റെ ലോകപ്രശസ്തമായ ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയായ സ്റ്റാർലിങ്കിന്റെ സേവനം തകരാറിലായി. സ്റ്റാർലിങ്കിന്റെ ആഭ്യന്തര സോഫ്റ്റ്‌വെയറിലുണ്ടായ ഗുരുതര പിഴവാണ് നെറ്റ് വർക്ക് കവറേജിനെ ഗുരുതമായി ബാധിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ അമേരിക്കയുടെയും യൂറോപ്പിന്റെയും ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് സേവനതകരാറിനെതിരെ തുടർന്ന് പരാതി ഉയർത്തിയത്. ഡൗൺഡിക്റ്റക്ടർ എന്ന പ്ലാറ്റ്‌ഫോമിൽ 61,000-ത്തിലധികം ഉപയോക്താക്കൾ നെറ്റ് വർക്ക് കവറേജ് ലഭിക്കാത്തതിനെ കുറിച്ച് പരാതി പറഞ്ഞതായി റോയിറ്റേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. അതിനുശേഷം ഏകദേശം 2.5 മണിക്കൂറിന് ശേഷം മാത്രമാണ് സേവനം പുനസ്ഥാപിക്കപ്പെട്ടത്.
“കോർ നെറ്റ്‌വർക്ക് നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറിലുണ്ടായ പിഴവാണ് ഈ അന്താരാഷ്ട്ര തകരാറിന് പിന്നിൽ.” എന്ന് സ്റ്റാർലിങ്ക് വൈസ് പ്രസിഡന്റായ മൈക്കൽ നിക്കോൾസ് വ്യക്തമാക്കി. ഇത്തരം പ്രശ്നങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരിക്കുന്നതായി സ്റ്റാർലിങ്ക് ഉറപ്പുനൽകി. സ്പേസ് എക്‌സിന്റെ സിഇഒ ഇലോൺ മസ്ക്, ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് വ്യക്തമായ സന്ദേശം എക്സിൽ കുറിച്ചു.
ലോകത്തെ ഏറ്റവും വലിയ ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖലയായ സ്റ്റാർലിങ്ക്, 140-ഓളം രാജ്യങ്ങളിലായി 60 ലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകുകയാണ്. ലോ എർത്ത് ഓർബിറ്റിലായി ഇതിനായി 7500-ത്തിലധികം ഉപഗ്രഹങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെയും ഡാറ്റാ ആവശ്യങ്ങളുടെയും വർദ്ധനവിനെ തുടർന്ന് നെറ്റ്‌വർക്ക് മെച്ചപ്പെടുത്തലുകൾക്കായി കമ്പനി പരിശ്രമിച്ചുവരികയാണ്.
ഇത് കൂടാതെ, അമേരിക്കയിലെ ടി-മൊബൈൽ കമ്പനിയുമായുള്ള സഹകരണത്തിലൂടെ അടിയന്തിര ടെക്സ്റ്റ് മെസേജിംഗ് സേവനങ്ങൾ മൊബൈൽ ഫോണുകൾ വഴിയും സാറ്റലൈറ്റ് വഴി പ്രാപ്തമാക്കാനുള്ള ശ്രമങ്ങൾ സ്പേസ് എക്സ് മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്.
Tag: Starlink net work service outage worldwide; SpaceX’s satellite internet network suffers largest outage in history