സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി കേന്ദ്ര ഗവൺമെന്റ് ഇതിനകം നൽകിയത് 20 കോടിയിലേറെ സൗജന്യ വാക്‌സിൻ ഡോസുകൾ
സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കൽ ഇപ്പോഴുള്ളത് രണ്ടു കോടിയിലേറെ ഡോസുകൾ വരുന്ന മൂന്നു ദിവസത്തിൽ മൂന്നുലക്ഷത്തോളം അധിക ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ലഭ്യമാക്കും
രാജ്യവ്യാപകമായി നടത്തുന്ന പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ ഭാഗമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യ കോവിഡ് വാക്‌സിൻ ലഭ്യമാക്കി കേന്ദ്രഗവൺമെന്റ് പിന്തുണയേകുന്നുണ്ട്. ഇവയുടെ ഉൽപ്പാദനവും വിതരണവും വർധിപ്പിക്കുന്നതിനുള്ള നിരവധി ശ്രമങ്ങൾക്ക് പുറമേയാണിത്.
മഹാമാരി നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച അഞ്ചിന പ്രതിരോധ പരിപാടികളിൽ (പരിശോധന, കണ്ടെത്തൽ, ചികിത്സ, കോവിഡ് അനുബന്ധ പെരുമാറ്റം എന്നിവ ഉൾപ്പെടെ) സുപ്രധാന ഘടകമാണ് വാക്‌സിനേഷൻ.
കോവിഡ് 19 വാക്‌സിനേഷന്റെ വിപുലപ്പെടുത്തിയ മൂന്നാംഘട്ട നയപരിപാടികൾ 2021 മെയ് ഒന്നിനാണ് ആരംഭിച്ചത്. രാജ്യത്തുൽപ്പാദിപ്പിക്കുന്ന വാക്‌സിൻ ഡോസുകളിൽ കേന്ദ്ര മരുന്ന് ലബോറട്ടറിയുടെ അംഗീകാരം ലഭിച്ചവയിൽ 50 ശതമാനവും കേന്ദ്രം സംഭരിക്കുകയും ഇവ നേരത്തെ ചെയ്തതുപോലെ സൗജന്യമായി സംസ്ഥാനങ്ങൾക്കു കൈമാറുകയും ചെയ്യും.
കേന്ദ്ര ഗവൺമെന്റ് ഇതുവരെ 20 കോടിയിലേറെ ഡോസ് (20,76,10,230) വാക്‌സിൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യം ആയി നൽകി. ഇതിൽ പാഴായി പോയത് ഉൾപ്പെടെ ആകെ 18,71,13,705 വാക്‌സിനുകൾ ഇതുവരെ ഉപയോഗിച്ചു.
കേരളത്തിന് ഇതുവരെ 88,69,440 വാക്‌സിൻ ഡോസുകൾ നൽകിയതിൽ 84,15,457 ഡോസുകൾ ഉപയോഗിച്ചു. 4,53,983 ഡോസുകൾ ബാക്കിയുണ്ട്. (ഇന്ന് രാവിലെ എട്ടുവരെയുള്ള കണക്കാണിത്).
2 കോടിയിലധികം വാക്‌സിൻ ഡോസുകൾ (2,04,96,525) സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കൽ ഇപ്പോഴുണ്ട്. ഇത് കൂടാതെ അടുത്ത 3 ദിവസത്തിനുള്ളിൽ 3 ലക്ഷത്തോളം (2,94,660) അധിക ഡോസുകൾ സംസ്ഥാനങ്ങൾക്കു/കേന്ദ്ര ഭരണപ്രദേശങ്ങൾക്കു ലഭ്യമാക്കും.